ഹോർമുസിലൂടെയുള്ള എണ്ണ വിതരണം ഉടൻ പുനഃസ്ഥാപിക്കുമെന്നും ഇതിൽ ഇറാന്റെ സഹായമുണ്ടോ എന്നത് തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലെ പിരിമുറുക്കം നിലനിൽക്കെ, ആഗോള എണ്ണ വിപണിയിൽ നിർണ്ണായകമായ പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ സഹായമുണ്ടായാലും ഇല്ലെങ്കിലും എണ്ണ വിതരണം അതിവേഗം സാധാരണ നിലയിലാക്കുമെന്ന് ട്രംപ് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇത് എങ്ങനെ സാധ്യമാക്കുമെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
ടോൾ പിരിക്കാൻ അനുവദിക്കില്ല
ഹോർമുസ് കടലിടുക്കിലൂടെ
വിജയം അവകാശപ്പെട്ട് ട്രംപ്
ഇറാൻ നയത്തിൽ തനിക്ക് പിഴച്ചുവെന്ന വാൾ സ്ട്രീറ്റ് ജേണലിന്റെ വിമർശനങ്ങളെ ട്രംപ് തള്ളിക്കളഞ്ഞു. തന്റെ ഇടപെടലുകൾ വലിയ വിജയമാണെന്നും ഇറാൻ ഒരിക്കലും ആണവായുധം കൈവശം വെക്കില്ലെന്ന് താൻ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഇതൊരു വിജയമാണ്, ഇതിൽ അകാലമെന്നോ അമിതമെന്നോ ഒന്നുമില്ല. വിമർശകർക്ക് തെറ്റുപറ്റിയെന്ന് ഉടൻ ബോധ്യപ്പെടും,” അദ്ദേഹം കുറിച്ചു. സൈനികമായ കരുത്തിലൂടെയോ ബദൽ സംവിധാനങ്ങളിലൂടെയോ എണ്ണ വിതരണം പുനഃസ്ഥാപിക്കുമെന്ന സൂചനയാണ് ട്രംപിന്റെ വാക്കുകൾ നൽകുന്നത്.
പശ്ചാത്തലം
ഫെബ്രുവരിയിൽ ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളെത്തുടർന്ന് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിന്നിരുന്നു. ഇതിന് പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ആഗോള എണ്ണവില കുതിച്ചുയർന്നു.
പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നിലവിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹോർമുസിലെ നിയന്ത്രണങ്ങളെച്ചൊല്ലിയുള്ള തർക്കം തുടരുകയാണ്. ലോകത്തെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ വലിയൊരു ഭാഗം കടന്നുപോകുന്ന പാതയായതിനാൽ ട്രംപിന്റെ പ്രസ്താവനയെ അതീവ പ്രാധാന്യത്തോടെയാണ് വിപണി നോക്കിക്കാണുന്നത്.
‘ഹോർമുസിൻ്റെ നിയന്ത്രണം പുതിയ ഘട്ടത്തിലേക്ക്’
ലോകത്തെ ആകെ എണ്ണ വിതരണത്തിൻ്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന്റെ കൈകാര്യം ചെയ്യൽ ഇറാൻ പുതിയ ഘട്ടത്തിലേക്ക് മാറ്റുകയാണെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി പ്രഖ്യാപിച്ചു. സർക്കാർ ടെലിവിഷനിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വരും ദിവസങ്ങളിൽ കടലിടുക്കിലൂടെയുള്ള ഗതാഗതത്തിൽ ഇറാൻ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്നാണ് ഈ ‘പുതിയ ഘട്ടം’ എന്ന പ്രയോഗം നൽകുന്ന സൂചന.
കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഇറാൻ ട്രാൻസിറ്റ് ഫീ അഥവാ ടോൾ ഈടാക്കാൻ നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകൾക്കെതിരെ ട്രംപ് ശക്തമായി പ്രതികരിച്ചു. ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് ടോൾ നൽകാൻ ഇറാൻ കപ്പലുകളെ നിർബന്ധിക്കുന്നതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. “ഹോർമുസിലൂടെ പോകുന്ന കപ്പലുകളിൽ നിന്ന് ഇറാൻ പണം ഈടാക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അങ്ങനെയൊന്ന് സംഭവിക്കാൻ പാടില്ല. അവർ അത് ഉടൻ നിർത്തുന്നതാണ് നല്ലത്,” ട്രംപ് മുന്നറിയിപ്പ് നൽകി.ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ തങ്ങളുടെ അവകാശങ്ങൾ വിട്ടുകൊടുക്കില്ലെന്നും മൊജ്തബ ഖമേനി പ്രസ്താവനയിൽ പറഞ്ഞു. യുദ്ധത്തിൽ ഇറാനാണ് അന്തിമ വിജയിയെന്നും അദ്ദേഹം അവകാശപ്പെട്ടു. മുൻ പരമോന്നത നേതാവ് അലി ഖമേനിയുടെ മരണത്തിന്റെ 40-ാം ദിനത്തോടനുബന്ധിച്ചാണ് ഈ പ്രസ്താവന പുറത്തുവന്നത്. അലി ഖമേനിയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്നും ഇസ്ലാം മതത്തിനും ഇറാന്റെ ശത്രുക്കൾക്കുമെതിരെയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു.









