തിരുവനന്തപുരം: ചില ഇടത്ത് പ്രശ്നങ്ങൾ ഉണ്ടായി എന്നതുകൊണ്ട് ദേശീയ പാത ആകെ തകരാറിൽ എന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാങ്കേതിക പിഴവുകളാണ് നിർമാണത്തിൽ സംഭവിച്ചത്. ദേശീയപാതയുടെ നിർമ്മാണത്തിൽ ഒരു തരത്തിലുള്ള പങ്കാളിത്തവും പൊതുമരാമത്ത് വകുപ്പിനോ കേരള സർക്കാരിനോ ഇല്ല. എല്ലാം ദേശീയപാത അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളിൽ ചില നടപടികളിലേക്ക് കേന്ദ്രസർക്കാർ നീങ്ങിയത്.
ദേശീയ പാത നിർമാണവുമായ ബന്ധപ്പെട്ട പ്രശ്നങ്ങൾ സർക്കാരിന്റെ വീഴ്ചയാണ് എന്ന് സ്ഥാപിക്കാൻ യുഡിഎഫും ബിജെപിയും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയപാത വികസനം നല്ല നിലയിൽ നടക്കുകയാണ്. അപ്പോഴാണ് നിർമ്മാണവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായത്. തകർച്ചയിൽ ഗൗരവമായ പരിശോധന നടത്തും. അത് കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് അല്ല നടത്തുന്നത്. ദേശീയ പാതയുടെ നിർമാണ പ്രശ്നങ്ങൾ എൽഡിഎഫ് സർക്കാരിന്റെ തലയിൽ വെക്കാൻ ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.






