“ഇരിക്കുന്ന കൊമ്പ് മുറിക്കരുത്”; പ്രിയദർശിനി ബസിലെ സീറോ ടിക്കറ്റ് തട്ടിപ്പിൽ ജീവനക്കാർക്ക് മുന്നറിയിപ്പുമായി ഗതാഗത മന്ത്രി


തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസുകളിൽ പുരുഷ യാത്രക്കാർക്ക് സൗജന്യ സീറോ ടിക്കറ്റ് നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ കടുത്ത നിലപാടുമായി ഗതാഗത മന്ത്രി സി.പി. ജോൺ. ജീവനക്കാർ ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ മന്ത്രി, ഇത്തരം തെറ്റുകൾ ഇനി ആവർത്തിച്ചാൽ ദാക്ഷിണ്യമില്ലാത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. മുൻപ് അബദ്ധം സംഭവിച്ചതാണെന്ന തരത്തിൽ ഒഴിവായ സംഭവം വീണ്ടും ആവർത്തിച്ചതാണ് അമർഷത്തിന് ഇടയാക്കിയത്. പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് കണക്കിലെടുത്ത് തിരക്കേറിയ സ്റ്റോപ്പുകളിൽ ക്യൂ സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആലുവ റൂട്ടിൽ സർവീസ് നടത്തിയ ബസിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വീണ്ടും വെളിച്ചത്തുവന്നത്. പെരുമ്പാവൂർ ഡിപ്പോയിൽ നിന്നുള്ള മൂവാറ്റുപുഴ-ആലുവ ബസിലെ കണ്ടക്ടർ വിജയനാണ് പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകി തുക തട്ടിയതായി കണ്ടെത്തിയത്. ഇയാൾക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.









