ഡോ. ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിക്കുന്നു; നടപടിയുണ്ടാകില്ലെന്ന് കെജിഎംസിറ്റിഎയ്ക്ക് ഉറപ്പ് നല്‍കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആരോപണങ്ങള്‍ തിരിച്ചടിച്ചതോടെ ഡോക്ടര്‍ ഹാരിസിന് എതിരായ അന്വേഷണം അവസാനിപ്പിച്ച് തലയൂരാന്‍ ആരോഗ്യവകുപ്പ്. ഉപകരണം കാണാതായതില്‍ കൂടുതല്‍ അന്വേഷണമുണ്ടാകില്ല. അസ്വാഭാവികമായ പെട്ടി കണ്ടതിലും സിസിടിവി ദൃശ്യത്തിലും പോലീസ് അന്വേഷണത്തിന് പോകില്ല. ആര്‍ക്കെതിരെയും നടപടി ശുപാര്‍ശയില്ലാതെ ഡിഎംഇ തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഒരാഴ്ചത്തെ അനവധിക്ക് ശേഷം ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയില്‍ പ്രവേശിച്ചേക്കും.

ഹാരിസിന്റെ മുറിയില്‍ അസ്വാഭാവികമായി പെട്ടി കണ്ടു എന്ന വാദം പൊളിഞ്ഞതോടെ അക്കാര്യത്തിലും പോലീസ് അന്വേഷണത്തിന് സര്‍ക്കാര്‍ പോകില്ല. ഹാരിസിനെ കുടുക്കാന്‍ നോക്കി സ്വയം കുടുങ്ങി എന്ന വികാരം സര്‍ക്കാര്‍ തലത്തില്‍ ശക്തമാണ്. ഹാരിസിനെ ഉന്നമിട്ട് ഇന്നലെ പ്രിന്‍സിപ്പലിനെയും സൂപ്രണ്ടിനേയും കൊണ്ട് നടത്തിച്ച വാര്‍ത്താ സമ്മേളനം കനത്ത പ്രതിച്ഛായ തകര്‍ച്ചയാണ് ആരോഗ്യവകുപ്പിന് ഉണ്ടാക്കിയത്. ഡോക്ടര്‍ ഹാരിസിനെതിരെ നടപടിയുണ്ടാകില്ല എന്ന് കെജിഎംസിറ്റിഎക്ക് ആരോഗ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചു. ആരോഗ്യമന്ത്രിയുമായി കെജിഎംസിറ്റിഎ ചര്‍ച്ച നടത്തും.

 

Top News from last week.