വരാനിരിക്കുന്ന ഓണക്കാലത്ത് കേരളത്തിലേക്കും തിരിച്ചുമുള്ള റെയിൽവേ സർവീസുകൾക്കായുള്ള ഉയർന്ന ആവശ്യകത ഡോ വി ശിവദാസൻ എംപി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൻ്റെ ശ്രദ്ധയിൽ പെടുത്തി. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ് ഓണം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ നിരവധി ആളുകൾ ഈ കാലയളവിൽ കേരളത്തിലേക്ക് യാത്ര ചെയ്യുന്നു. യാത്രക്കാരുടെ വർദ്ധനവ് കണക്കിലെടുത്ത്, ഓണം സീസണിൽ ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളെ ബന്ധിപ്പിച്ച് കേരളത്തിലേക്കും തിരിച്ചും പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തണമെന്ന് ഡോ. വി ശിവദാസൻ എംപി റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
ഈ റൂട്ടുകളിൽ അധിക സർവീസുകൾ നടത്തുന്നത് യാത്രക്കാർക്ക് വളരെയധികം ആശ്വാസം നൽകാനും, സാധാരണ ട്രെയിനുകളിലെ തിരക്ക് കുറക്കാനും, കേരളത്തിൽ ഉത്സവം ആഘോഷിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കും വ്യക്തികൾക്കും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര സുഗമമാക്കാനും സഹായകരമാകും.
അതിനാൽ, യാത്രക്കാരുടെ വിശാലമായ താൽപ്പര്യം കണക്കിലെടുത്ത് ഓണക്കാലത്ത് ഈ റൂട്ടുകളിൽ മതിയായ പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും കേന്ദ്ര സർകാർ തയ്യാറാവണമെന്ന് ഡോ. വി ശിവദാസൻ എംപി പറഞ്ഞു.








