കൊച്ചി: ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണത്തില്‍ സര്‍ക്കാരിന് തിരിച്ചടി. പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷന്‍ പുറത്തിറക്കിയ സര്‍ക്കുലറും അനുബന്ധ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി. ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി നടപടി. നിര്‍ദേശങ്ങള്‍ പ്രായോഗികമല്ലെന്നും കേന്ദ്രത്തിന്റെ അധികാരപരിധിയിലുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ വാദം. ഈ വാദം അംഗീകരിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഗതാഗത കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലറും അനുബന്ധ ഉത്തരവുകളും റദ്ദാക്കുകയായിരുന്നു. പ്രതിദിനം 30 ലൈസന്‍സ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല തുടങ്ങിയ നിബന്ധനകള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
കാര്‍ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന എച്ച് ഒഴിവാക്കി, പകരം സിഗ്സാഗ് ഡ്രൈവിങും പാര്‍ക്കിങും ചേര്‍ത്തായിരുന്നു ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ ഗതാഗത വകുപ്പ് പരിഷ്‌ക്കരിച്ചത്. ഇരുചക്ര വാഹനങ്ങളുടെ ലൈസന്‍സ് പരീക്ഷക്ക് കാലില്‍ ഗിയറുള്ള വാഹനം നിര്‍ബന്ധമാക്കിയിരുന്നു.കാര്‍ ലൈസന്‍സിന് ഓട്ടോമാറ്റിക് വാഹനവും ഇലക്ട്രിക് കാറും പറ്റില്ല. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളും ഒഴിവാക്കണം. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടര്‍ ഡ്രൈവിങ് സ്‌കൂളിന്റെ വാഹനത്തില്‍ ഡാഷ് ബോര്‍ഡ് ക്യാമറ സ്ഥാപിക്കണം.
ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ വിഭാഗത്തില്‍പ്പെട്ട പാര്‍ട്ട് വണ്‍ ഡ്രൈവിങ് ടെസ്റ്റ് കംപ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റിങ് ട്രാക്കില്‍ നടക്കുന്ന സ്ഥലങ്ങളില്‍ ആംഗുലാര്‍ പാര്‍ക്കിങ്, പാരലല്‍ പാര്‍ക്കിങ്, സിഗ്സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ പ്രത്യേക ട്രാക്കില്‍ നടത്തണം. ഡ്രൈവിങ് ടെസ്റ്റ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാരായി സര്‍ക്കാര്‍ നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരെ നിയമിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് വിവാദമായത്. പരിഷ്‌ക്കാരത്തിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി ഉത്തരവ്.









