തളിപ്പറമ്പ് താലൂക്കില്‍ ഡ്രോണ്‍ നിരോധനം

കണ്ണൂര്‍: തളിപ്പറമ്പ് താലൂക്കില്‍ ജൂലൈ 11ന് രാവിലെ മുതല്‍ മൂന്ന് ദിവസത്തേക്ക് ഡ്രോണ്‍, ആളില്ലാത്ത വ്യോമ വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ച് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉത്തരവിട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം. ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023 പ്രകാരമാണ് ജില്ലാ കലക്ടറുടെ ഉത്തരവ്. പോലീസ്, പാരാമിലിറ്ററി, എയര്‍ഫോഴ്സ്, എസ് പി ജി തുടങ്ങിയവയ്ക്ക് നിരോധനം ബാധകമല്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്തെത്തിയ അമിത് ഷാ രാവിലെ ബിജെപി സംസ്ഥാന ഓഫീസ് ഉദ്ഘാടനം ഉള്‍പ്പെടെയുള്ള പരിപാടികള്‍ കഴിഞ്ഞ് വൈകുന്നേരം അഞ്ച് മണിയോടെയാണ് കണ്ണൂരിലെത്തുന്നത്. സന്ദര്‍ശനത്തിന് മുന്നോടിയായി വന്‍ സുരക്ഷാസംവിധാനമാണ് ക്ഷേത്രത്തിലും പരിസരത്തും ഏര്‍പ്പെടുത്തിയിട്ടുള്ളത്. അമിത്ഷാ എത്തുന്നതിന് 10 മിനിട്ടു മുമ്പ് ക്ഷേത്രത്തില്‍ നിന്നും മുഴുവന്‍ പേരെയും ഒഴിപ്പിക്കും. ക്ഷേത്രവുമായി ബന്ധപ്പെട്ടവരൊഴികെ മറ്റ് ആര്‍ക്കും ഈ സമയത്ത് പ്രവേശനമുണ്ടാകില്ല. തിരുവനന്തപുരത്ത് നിന്നും എത്തുന്ന അമിത്ഷായെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും അനുഗമിക്കും.

അമിത്ഷായുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഇന്നു വൈകുന്നേരം നാല് മണി മുതല്‍ ഏഴ് മണിവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. എയര്‍പോര്‍ട്ട് റോഡ്, മട്ടന്നൂര്‍, ചാലോട്, കൊളോളം, വടുവന്‍കുളം, മയ്യില്‍, നണിച്ചേരി കടവ് ഭാഗത്താണ് നിയന്ത്രണം .കണ്ണൂരില്‍ നിന്നും എയര്‍പോര്‍ട്ട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മേലെ ചൊവ്വ, താഴെ ചൊവ്വ, ചക്കരക്കല്‍, അഞ്ചരക്കണ്ടി വഴി മട്ടന്നൂരിലേക്ക് പോവേണ്ടതാണ് തളിപ്പറമ്പില്‍ നിന്നും എയര്‍ പോര്‍ട്ട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ തളിപ്പറമ്പ്, ചിറവക്ക്, ധര്‍മ്മശാല വഴി കണ്ണൂരിലേക്ക് പോകണം.

Top News from last week.