കണ്ണൂർ: ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പ്രതികരണം വീണ്ടും ചർച്ചയാക്കുകയാണ് ഇടത് സൈബറിടങ്ങൾ.’ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തിന് പിന്നിൽ നടക്കുന്നത് അനാശാസ്യമെന്നാ’യിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ മുൻപ് പ്രതികരിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവെച്ചതോടെ ആ വാർത്ത അച്ചടിച്ച ദേശാഭിമാനി പത്രത്തിലാണ് ഇന്ന് പലയിടത്തും ഡിവൈഎഫ്‌ഐ പൊതിച്ചോർ വിതരണം നടത്തിയത്. കാലം ഒരു അനീതിയോടും കണക്ക് ചോദിക്കാതെ പോയിട്ടില്ലെന്ന് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി ഫെയ്സ്ബുക്കിൽ കുറിച്ചു. ഇതിലും മികച്ചത് സ്വപ്നങ്ങളിൽ മാത്രമാണെന്ന് വി ശിവൻകുട്ടി ഫെയ്സ്ബുക്ക് കുറിച്ചു. ഹൃദയപൂർവം എന്നാണ് മന്ത്രി വീണാ ജോർജ് ഫെയ്സ്ബുക്കിൽ കുറിച്ചത്.
ഡിവൈഎഫ്‌ഐ നടത്തുന്ന സ്‌നേഹപൂർവ്വം പൊതിച്ചോറിനെതിരെയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ അവഹേളന പരാമർശം നടത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവെച്ച വാർത്ത അച്ചടിച്ച പത്രങ്ങളിൽ പൊതിഞ്ഞ് ഡിവൈഎഫ്ഐ പൊതിച്ചോർ നൽകി.
കഴിഞ്ഞ ദിവസം യുവ നേതാവിനെതിരെ മാധ്യമപ്രവർത്തകയും അഭിനേതാവുമായി റിനി ആൻ ജോർജ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു മാധ്യമപ്രവർത്തക പറഞ്ഞത്. ഇതിന് പിന്നാലെ മാധ്യമപ്രവർത്തക തുറന്നുകാട്ടിയ വ്യക്തി രാഹുൽ മാങ്കൂട്ടത്തിലാണെന്നുള്ള ആരോപണം ഉയർന്നിരുന്നു. തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമർശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോൺ സംഭാഷണം അടക്കം പുറത്തുവന്നിരുന്നു. ഹൈക്കമാൻഡും കൈയൊഴിഞ്ഞതോടെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയായിരുന്നു.




