തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥനെതിരായ കൈക്കൂലി ആരോപണത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇന്ത്യയുടെ പല ഭാഗത്തുനിന്നും ഇത്തരം വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണെന്നും ഇപ്പോഴാണ് കൊച്ചിയിൽ നിന്നും ഈ വിഷയം ഉയർന്നുവന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
‘കുഴൽപ്പണം പിടിച്ച ബിജെപിക്കാർ പ്രതികളായ കേസുകൾ തേച്ചുമായ്ച്ചു കളയുകയാണ്. തൃശൂരിൽ കുഴൽപ്പണക്കേസ് മാറ്റിമറിക്കാൻ ഇടപെട്ടതും ഇതേ ഉദ്യോഗസ്ഥരാണ്. ഇ ഡിയെക്കുറിച്ച് പാർട്ടി നേരത്തെ അഭിപ്രായം പറഞ്ഞതാണ്. ഇ ഡിയെ കേന്ദ്രസർക്കാർ ആയുധമായി ഉപയോഗിക്കുകയാണ്. പ്രതിപക്ഷ നേതൃത്വത്തെ കടന്നാക്രമിക്കാനും കളളക്കേസിൽ കുടുക്കാനും ശ്രമിക്കുകയാണ്. ഇ ഡി കൂട്ടിലടച്ച തത്തയായി മാറി. കേസുകൾ ഒത്തുതീർപ്പാക്കാൻ കോടതികൾ കോഴ വാങ്ങുന്ന സംഭവം വരെയുണ്ടാകുന്നു’- എംവി ഗോവിന്ദൻ പറഞ്ഞു.
ഇ ഡി ഉദ്യോഗസ്ഥനെതിരായ കൈക്കൂലി ആരോപണത്തിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പ്രതികരിച്ചിരുന്നു. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നാണ് സണ്ണി ജോസഫ് ആവശ്യപ്പെട്ടത്. ഇ ഡി രാഷ്ട്രീയ പ്രതിയോഗികളെ പീഡിപ്പിക്കാൻ കേന്ദ്രം നിയോഗിച്ച ഏജൻസിയാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. ലഭിച്ച സ്വാതന്ത്ര്യം ഇ ഡി ദുരുപയോഗം ചെയ്യുകയാണെന്നും വേലി തന്നെ വിളവുതിന്നുന്ന അവസ്ഥയാണ്. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനാണ് കൈക്കൂലിക്കേസിൽ കുരുങ്ങിയത്. കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പേരിലുളള കേസ് ഒഴിവാക്കാൻ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിലാണ് ഇ ഡി കൊച്ചി യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടർ ശേഖർകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തത്. കൈക്കൂലിയായി രണ്ടുലക്ഷം രൂപ കൈപ്പറ്റുന്നതിനിടെ രണ്ടുപേരെ വെളളിയാഴ്ച്ച വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തതിലാണ് ഉന്നത ഉദ്യോഗസ്ഥനിലേക്ക് അന്വേഷണമെത്തിയത്.
അറസ്റ്റിലായ തമ്മനം വട്ടതുണ്ടിയിൽ വിൽസൺ രണ്ടാം പ്രതിയും രാജസ്ഥാൻ തക്കത് ഖർ സ്വദേശി മുകേഷ് കുമാർ മൂന്നാം പ്രതിയുമാണ്. ഇടനിലക്കാരനെന്ന് കണ്ടെത്തിയ കൊച്ചി വാരിയം റോഡിൽ താമസിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്തിനെ ഇന്നലെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇയാൾ നാലാം പ്രതിയാണ്.









