17000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്‍പില്‍ ഹാജരായി റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി. കേസില്‍ ചോദ്യംചോയ്യലിന് ദില്ലിയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ ഓഗസ്റ്റ് ഒന്നിന് അനില്‍ അംബാനിക്ക് ഇഡി സമന്‍സ് അയച്ചിരുന്നു.
അനില്‍ അംബാനിയുമായി ബന്ധമുള്ള മുംബൈയിലെയും ദില്ലിയിലെയും 35 ഓളം സ്ഥാപനങ്ങളില്‍ കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ നിരവധി രേഖകള്‍ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നടപടി. യെസ് ബാങ്കില്‍ നിന്ന് 2017- 19 കാലയളവില്‍ 3000 കോടി രൂപയുടെ അനധികൃത വായ്പ നിയമവിരുദ്ധമായി വകമാറ്റിയത് സംബന്ധിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണമെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ് 14000 കോടിയിലധികം രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിരുന്നു. അനില്‍ അംബാനിയുടെ കമ്പനികള്‍ക്ക് അനുവദിച്ച വായ്പകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഇഡി ബാങ്കുകള്‍ക്ക് കത്തെഴുതിയതായാണ് വിവരം.









