സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍. ശവ്വാല്‍ പിറവി ദൃശ്യമായതായി വിവിധ ഖാസിമാര്‍ അറിയിച്ചതോടെയാണ് ആഘോഷത്തിന് തുടക്കമായത്. വിവിധയിടങ്ങളില്‍ നടക്കുന്ന ഈദ് ഗാഹുകള്‍ക്ക് പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കും.

ഉത്തരേന്ത്യയിലും ദില്ലിയിലും നാളെയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. സംസ്ഥാനത്ത് 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

വിശ്വാസികൾക്ക് പെരുന്നാൾ ആശംസകൾ നേർന്ന് ഗവർണറും മുഖ്യമന്ത്രിയും. ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. സമൂഹത്തിൽ വർഗീയ വിഷം ചീറ്റി ഐക്യത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്ന പിന്തിരിപ്പൻ ശക്തികളെ കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ത്യാഗത്തിന്‍റെയും ഉദാരതയുടെയും മഹിമ വാഴ്ത്തുന്ന ആഘോഷമാണ് ഈദുൽഫിത്തറെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സ്പീക്കർ എ.എൻ.ഷംസീറും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആശംസകള്‍ നേർന്നു.

Top News from last week.