എട്ട് മാസം,129.68 കിലോഗ്രാം; ഹൈബ്രിഡ് കഞ്ചാവ് കടത്തിന്റെ ഹബ്ബായി കേരളം

കൊച്ചി: വിമാനത്താവളങ്ങൾ വഴിയുള്ള ഹൈബ്രിഡ് കഞ്ചാവ് കള്ളക്കടത്തിന്റെ ഹബ്ബായി കേരളം. ഈ വർഷം ഇതുവരെ 129.68 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് ആണ് സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ നിന്ന് പിടിച്ചത്. 2022 മുതൽ മൂന്ന് വർഷത്തിനിടെ ഈ കണക്കിൽ വൻ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 -23 വർഷത്തിൽ സംസ്ഥാനത്ത് ഹൈബ്രിഡ് കഞ്ചാവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. 2024-25 കാലത്ത് ഇത് 89.11 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചു. ഈ വർഷം എട്ട് മാസം പിന്നിടുമ്പോൾ മാത്രം കണക്ക് 129.68 കിലോഗ്രാം ആയി ഉയർന്നു.

പിടിച്ച ഹൈബ്രിഡ് ഹൈബ്രിഡ് / ഹൈഡ്രോപോണിക് കഞ്ചാവിന്റെ കണക്കുകൾ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും സംസ്ഥാനത്തേക്ക് കടത്തുന്ന ഇവയുടെ യഥാർത്ഥ അളവ് വളരെ കൂടുതലാണെന്നും കസ്റ്റംസ് ആൻഡ് സെൻട്രൽ ജിഎസ്ടി (കേരളം, ലക്ഷദ്വീപ്) ചീഫ് കമ്മീഷണർ ഷെയ്ഖ് ഖാദിർ റഹ്മാൻ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു.

 

സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്നും 6 ശതമാനമായി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം സ്വർണക്കടത്ത് കുറയ്ക്കാൻ ഇടയാക്കി. സ്വർണക്കടത്തിനെ കടത്തിവെട്ടും വിധത്തിലാണ് സംസ്ഥാനത്തേക്കുള്ള ഹൈബ്രിഡ് അല്ലെങ്കിൽ ഹൈഡ്രോപോണിക് കഞ്ചാവിന്റെ ഇടപാടുകൾ. ഇത്തരം ലഹരി വസ്തുക്കളുടെ ഉപഭോഗത്തിനും ഇടപാടിനുമുള്ള കേന്ദ്രമായി കേരളം അതിവേഗം മാറുകയാണ്. സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ഓരോ ആഴ്ചയും രണ്ടോ മൂന്നോ തവണ ഇത്തരം കഞ്ചാവ് പിടിക്കുന്ന നിലയുണ്ട്.

 

മണ്ണില്ലാതെ അത്യാധുനിക കൃഷി സാഹചര്യങ്ങളിലാണ് ഹൈഡ്രോപോണിക് കഞ്ചാവ് വളർത്തുന്നത്. സാധാരണ കഞ്ചാവിനെക്കാൾ ഇതിന്റെ മയക്കുമരുന്ന് അളവ് 40 ശതമാനം കൂടുതലാണ്. ഏകദേശം ഒരു കോടി രൂപയാണ് ഒരു കിലോ ഹൈഡ്രോപോണിക് കഞ്ചാവിന് അന്താരാഷ്ട്ര വിപണിയിൽ മൂല്യം. കേരളത്തിന് പുറമെ മുംബൈ പോലുള്ള മറ്റ് പ്രധാന വിമാനത്താവളങ്ങളിലും ഹൈഡ്രോപോണിക് കഞ്ചാവിന്റെ കള്ളക്കടത്ത് വർദ്ധിച്ചിട്ടുണ്ട്. കള്ളക്കടത്ത് രീതിയിലും മുൻകാലങ്ങളെ അപേക്ഷിച്ച് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. നേരത്തെ തായ്‌ലൻഡിൽ നിന്നാണ് കഞ്ചാവിന്റെ ഭൂരിഭാഗവും രാജ്യത്തേക്ക് എത്തിയിരുന്നത്. ഇതോടെ തായ്ലൻഡ് പോലുള്ള രാജ്യത്തു നിന്നുള്ള വിമാനങ്ങൾ സമഗ്രമായി പരിശോധിക്കാൻ തുടങ്ങി. ഇതോടെ കള്ളക്കടത്തുകാർ അവരുടെ പ്രവർത്തനരീതി മാറ്റി. ചില സന്ദർഭങ്ങളിൽ ദുബായ് വഴിയും കള്ളക്കടത്ത് വർധിച്ചതായും ഷെയ്ഖ് ഖാദിർ റഹ്മാൻ പറയുന്നു.

 

ബാഗേജ് പരിശോധിക്കാൻ സ്‌നിഫർ നായ്ക്കൾ

 

സംസ്ഥാനത്തേക്ക് കടത്തുന്ന ഹൈബ്രിഡ് കഞ്ചാവിന്റെ അളവ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കാൻ ഒരുങ്ങുകയാണ് കസ്റ്റംസ്. ഇതിനായി ബാഗേജ് പരിശോധിക്കാൻ സ്‌നിഫർ നായ്ക്കളെ ഉൾപ്പെടെ എത്തിക്കാൻ ആണ് നീക്കം. കൊച്ചി വിമാനത്താവളത്തിൽ ഇതിനകം രണ്ട് നായ്ക്കളുണ്ട്, ലോജിസ്റ്റിക്‌സ് ഡയറക്ടറേറ്റിന് കീഴിലുള്ള കസ്റ്റംസ് കെ9 സ്ഥാപനത്തോട് എട്ട് നായ്ക്കളെ കൂടി നൽകാൻ കസ്റ്റംസ് വകുപ്പ് അഭ്യർത്ഥിച്ചിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ ഡോഗ് സ്‌ക്വാഡ് പ്രവർത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നു. തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലേക്ക് ഹാൻഡ്‌ലർമാർക്കൊപ്പം രണ്ട് നായ്ക്കളെ വീതം വിന്യസിക്കാനാണ് പദ്ധതിയിടുന്നതെന്നും കസ്റ്റംസ് ആൻഡ് സെൻട്രൽ ജിഎസ്ടി ചീഫ് കമ്മീഷണർ ഷെയ്ഖ് ഖാദിർ റഹ്മാൻ പറയുന്നു.

Top News from last week.