കാലക്രമത്തില്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണ രീതികള്‍ മാറി. റോഡ്‌ഷോയൊക്ക് കളം നിറഞ്ഞ് കൊഴുപ്പിക്കുന്ന ഇക്കാലത്തെപ്പോലയല്ല മുന്‍കാലങ്ങളിലെ പ്രചാരണം. പഴയകാലത്തെ പ്രചാരണങ്ങളില്‍ മൈക്ക് സെറ്റുകള്‍ കുറവായിരുന്ന കാലത്ത് നാട്ടിന്‍പുറത്ത് ഉപയോഗിച്ച ഒരു സാധനമുണ്ടായിരുന്നു. അതാണ് ‘കാളം’. കാളുന്നത് എന്ന അര്‍ത്ഥത്തിലാവാം കാളം എന്ന് പേര് വന്നത്. ചുണ്ടുകളോടുചേര്‍ത്ത് വച്ച് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി വോട്ടുചോദിക്കുന്ന കാളം അന്ന് നാട്ടിന്‍പുറത്തെ താരമായിരുന്നു. ഉയര്‍ന്ന സ്ഥലങ്ങളില്‍ നിന്നുകൊണ്ട് കാളത്തിലൂടെ വിളിച്ചുപറഞ്ഞാല്‍ ഒരു അനൗണ്‍സ്‌മെന്റിന്റെ പ്രതിതി കിട്ടിയിരുന്നു.
വീടുകള്‍ക്ക് ചുറ്റും മതിലുകള്‍ വന്നപ്പോള്‍ കിളകള്‍ എന്നുവിളിക്കുന്ന മണ്‍മതിലുകള്‍ ഇല്ലാതായി. കൈതയുടെ കൂമ്പ് ചതച്ച് കുമ്മായത്തില്‍ മുക്കിയാണ് കിളകളില്‍ വോട്ടഭ്യര്‍ത്ഥന എഴുതിയിരുന്നത്. അന്നൊക്കെ കിളകള്‍ ബുക്ക് ചെയ്യുന്നത് പ്രധാനമായിരുന്നു. ഏതെങ്കിലും പാര്‍ട്ടി ബുക്ക് ചെയ്തതിൽ മറ്റാരെങ്കിലും വന്ന് കയ്യേറിയാലുള്ള കശപിശയും നാട്ടിന്‍പുറങ്ങളില്‍ പതിവായിരുന്നു. കാളത്തിലൂടെ വിളിച്ചുപറയുന്നത് ഒരഭിമാനമായാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കണ്ടിരുന്നത്. ടിന്നുകൊണ്ടോ ഇരുമ്പിലോ തീര്‍ത്ത കാളങ്ങള്‍ക്ക് അധികം വിലയുണ്ടായിരുന്നില്ല.
മുമ്പത്തെ പ്രചാരണം രാത്രികാലത്തൊക്കെ നാട്ടിന്‍പുറത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാഥ നയിക്കുന്നതായിരുന്നു. ചിലപ്പോള്‍ വെളുപ്പാന്‍ കാലത്തും ജാഥയുണ്ടാവും. ചൂട്ടും തെളിച്ച് വരുന്ന ജാഥകള്‍ ഒരു കാഴ്ച തന്നെയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം എതിരായാല്‍ പാര്‍ട്ടിപ്രവര്‍ത്തകരെ പാര്‍ട്ടി ഓഫീസുകളുടെ ഏഴയലത്തുപോലും കുറേ കാലം കാണുകയില്ല. പ്രചാരണത്തിന് ഉപയോഗിക്കുന്ന കാളത്തിന് വലിയ പഴക്കമുണ്ട്. സന്ദേശകാവ്യങ്ങളില്‍ കാളത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പഴയകാലത്ത് കാളം ഉപയോഗിച്ചിരുന്നു എന്ന് വ്യക്തം.