ഉപയോഗ സമയം നോക്കി കറന്റ് ചാർജ്: പകൽ ഇളവ്, രാത്രിയിൽ വർധന; അടുത്ത 5 വർഷത്തെ നിരക്ക് പരിഷ്കരണ കരട് പുറത്തിറക്കി റഗുലേറ്ററി കമ്മീഷൻ


തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നിർണയത്തിൽ വൻ മാറ്റങ്ങൾ നിർദേശിക്കുന്ന 2027-2032 വർഷത്തേക്കുള്ള കരട് മാർഗരേഖ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പുറത്തിറക്കി. സമയം അടിസ്ഥാനമാക്കിയുള്ള ‘ടൈം ഓഫ് ഡേ’ (ToD) നിരക്ക് കൂടുതൽ ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിക്കുകയാണ് ഇതിലെ പ്രധാന നിർദേശം. സോളാർ ഊർജ്ജ ലഭ്യത കൂടുതലുള്ള പകൽ സമയങ്ങളിൽ കുറഞ്ഞ നിരക്കും, വൈദ്യുതി ആവശ്യകത ഉയരുന്ന രാത്രിയിലെ ‘പീക്ക്’ സമയങ്ങളിൽ കൂടിയ നിരക്കുമാകും ഈ സംവിധാനത്തിൽ ഈടാക്കുക. സ്ലാബ് അടിസ്ഥാനമാക്കിയുള്ള നിലവിലെ രീതിക്ക് പകരം ഉപഭോക്താവിന്റെ ആകെ ഉപയോഗം കണക്കാക്കി ഫിക്സഡ് ചാർജ് നിശ്ചയിക്കാനും നിർദേശമുണ്ട്.

വൈദ്യുതി വാങ്ങൽ ചെലവ് നികത്താനാകാതെ 2024 വരെ കെഎസ്ഇബിക്കുണ്ടായ ഭീമമായ നഷ്ടം 2027 മുതൽ 2031-നുള്ളിൽ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാനും കരടിൽ നിർദേശമുണ്ട്. ഇത് ഭാവിയിൽ ചാർജ് വർധനയ്ക്ക് വഴിതുറക്കും. പ്രതിമാസ ഇന്ധന സർചാർജ് പിരിവ് ഉറപ്പാക്കുകയും, ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾക്ക് മുൻകൂർ അനുമതി നിർബന്ധമാക്കുകയും ചെയ്യും. അതേസമയം, ബാറ്ററി സ്റ്റോറേജ് സൗകര്യമുള്ള പുരപ്പുറ സോളാർ ഉൽപ്പാദകർക്ക് പീക്ക് സമയങ്ങളിൽ ഇളവ് നൽകാനും പുനരുപയോഗ ഊർജ്ജ പദ്ധതികളെ പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്. കരട് നിർദേശങ്ങളിൽ പൊതുജനങ്ങൾക്ക് വരുന്ന മാസം 25 വരെ അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്.









