തിരുവനന്തപുരം: അതിവേഗം നഗരവൽക്കരണത്തിലേക്ക് നീങ്ങുന്ന കേരളത്തിൽ ഉയർന്നുവരുന്ന വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ ഊർജകാര്യക്ഷമതയുള്ള കെട്ടിട നിർമാണ രീതികളും ചട്ടങ്ങളും നിർബന്ധമാക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. എനർജി മാനേജ്‌മെന്റ് സെന്റർ, കില, ജി.ബി.പി.എൻ ഇന്ത്യ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച പരിശീലന പരിപാടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന വെല്ലുവിളികൾ ചെറുക്കാനും സുസ്ഥിര നഗരവികസനം ഉറപ്പാക്കാനും തദ്ദേശ സ്ഥാപനങ്ങൾ ഇത്തരം കെട്ടിടച്ചട്ടങ്ങൾ ഫലപ്രദമായി നടപ്പാക്കണമെന്ന് മന്ത്രി നിർദേശിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി അധ്യക്ഷനായ ചടങ്ങിൽ എറണാകുളം വരെയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ പങ്കെടുത്തു. തുടന്ന് കെട്ടിടങ്ങളിലെ കാർബൺ ഉദ്വമനം കുറയ്ക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ നയിച്ചു.









