അഡ്‌ലയ്ഡ്: ഇംഗ്ലണ്ടിന് ഇന്ത്യയ്‌ക്കെതിരെ ടി20 ലോകകപ്പ് സെമിഫൈനലിൽ ആധികാരിക ജയം. തികച്ചും ഏകപക്ഷീയമായ ജയത്തോടെയാണ് ഫൈനലിൽ ഞായറാഴ്ട ഇംഗ്ലീഷ് പട പാകിസ്താനെതിരെ കളിക്കാനിറങ്ങുന്നത്. നായകൻ ജോസ ബട്‌ലർ(80 നോട്ടൗട്ട്) നിലയുറപ്പിച്ചപ്പോൾ കത്തിക്കയറിയ അലെക്‌സ് ഹെയിൽസിന്റെ (86 നോട്ടൗട്ട്) അതിവേഗ ബാറ്റിംഗാണ് ഇന്ത്യൻ ബൗളർമാരെ നിഷ്പ്രഭമാക്കിയത്. 16-ാം ഓവറിലെ അവസാന പന്തിൽ സിക്‌സർ പറത്തി ബട്‌ലർ ടീമിന് ജയവും സമ്മാനിച്ചു. 49 പന്തിൽ മൂന്ന് സിക്‌സറുകളും 9 ഫോറുകളുമായാണ് ബട്‌ലർ 80 റൺസ് എടുത്തത്. 47 പന്തിൽ 7 സിക്‌സറുകളും നാല് ഫോറുകളുമടക്കമാണ് അലക്‌സ് 86 റൺസുമായി ഒപ്പം നിന്നത്.തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഇംഗ്ലണ്ട് എല്ലാ ഓവറുകളിലും പത്ത് റൺസിന് മുകളിൽ സ്‌കോർ ചെയ്തുകൊണ്ടാണ് ഫൈനലിലേയ്‌ക്കുള്ള കുതിപ്പ് ആധികാരികമാക്കിയത്. 36 പന്തിൽ ബട്‌ലർ അർദ്ധ സെഞ്ച്വറി തികച്ചപ്പോൾ 28 പന്തിലാണ് അഞ്ച് സിക്‌സറുകളുടേയും ഒരു ഫോറിന്റേയും മികവിൽ അലെക്‌സ് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്.ഇംഗ്ലീഷ് ഓപ്പണർമാർക്ക് ഒരു സമയത്തും ഇന്ത്യൻ ബൗളിംഗ് നിര വെല്ലുവിളിയായില്ല. മികച്ച ഓപ്പണിംഗ് സ്‌പെൽ കാഴ്ചവയ്‌ക്കാറുള്ള ഭുവനേശ്വറും അർഷ്ദീപും നന്നായി റൺസ് വഴങ്ങി. മദ്ധ്യ ഓവറുകളിൽ വിക്കറ്റ് വീഴ്‌ത്താറുള്ള ഹാർദ്ദിക് പാണ്ഡ്യയുടെ തന്ത്രങ്ങളും ഫലിച്ചില്ല. അക്ഷർ പട്ടേൽ, മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ എന്നിവരും യഥേഷ്ടം റൺസ് നൽകിയതോടെ ഇംഗ്ലണ്ട് പത്തുവിക്കറ്റിന്റെ ആധികാരിക ജയമാണ് സ്വന്തമാക്കിയത്.പാകിസ്താനെതിരെ കിരീട പോരാട്ടത്തിന് വലിയ ആത്മവിശ്വാസമാണ് ഇന്ത്യയ്‌ക്കെതിരായ ജയം ഇംഗ്ലീഷ് പടയ്‌ക്ക് നൽകിയിരിക്കുന്നത്.