തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനവ്യാപകമായി ‘ഡ്രൈ ഡേ’ ആചരിക്കാൻ തീരുമാനിച്ചു. കൊതുകുകളുടെ ഉറവിട നശീകരണവും ശുചീകരണവും ലക്ഷ്യമിട്ട് വിവിധ മേഖലകൾ കേന്ദ്രീകരിച്ചാണ് മൂന്നുദിവസത്തെ യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്. ഇതനുസരിച്ച് വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച സർക്കാർ-സ്വകാര്യ ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും വിപുലമായ രീതിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള രോഗവ്യാപനം തടയാൻ പൊതുജനങ്ങൾ ഒത്തുചേർന്ന് ഈ പ്രതിരോധ യജ്ഞത്തിൽ പങ്കാളികളാകണമെന്ന് ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു.









