ലണ്ടന്‍: യുകെയില്‍ താമസിച്ച് ജോലി ചെയ്യാന്‍ ഇന്ത്യക്കാര്‍ക്ക് സുവര്‍ണാവസരം വന്നെത്തിയിരിക്കുകയാണ്. യുകെ-ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്‌കീം ആണ് ഇതിനുള്ള വഴി ഒരുക്കുന്നത്. 18 മുതല്‍ 30 വയസ്സുവരെ പ്രായമുള്ള തൊഴില്‍ ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക് രണ്ട് വര്‍ഷം വരെ യുകെയില്‍ താമസിക്കാനും ജോലി ചെയ്യാനും സാധിക്കുന്ന വിസയ്ക്ക് അപേക്ഷിക്കാനാണ് അവസരം. ഈ വര്‍ഷം ഈ വിസയ്ക്ക് 3,000 ഒഴിവുകളുണ്ടെന്നാണ് പ്രത്യേകത. ഇതിനുള്ള ബാലറ്റ് അല്ലെങ്കില്‍ നറുക്കെടുപ്പ് ജൂലൈ 22ന് ആരംഭിക്കും.
എന്താണ് യുകെ – ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്‌കീം?
യുകെയും ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള പദ്ധതിയാണ് യുകെ – ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്‌കീം. 18നും 30നും ഇടയില്‍ പ്രായമുള്ള, യുകെ അംഗീകരിച്ച ബിരുദമുള്ള ഇന്ത്യക്കാര്‍ക്ക് ഈ പദ്ധതി വഴി യുകെയില്‍ പോയി രണ്ട് വര്‍ഷം വരെ ജോലി ചെയ്യാനും പഠിക്കാനും യാത്ര ചെയ്യാനും സാധിക്കും. തൊഴില്‍ദാതാക്കളുടെ സഹായമില്ലാതെ തന്നെ ഇത് സാധ്യമാകും
2021 മെയ് മാസത്തില്‍ ഒപ്പിട്ട ഇന്ത്യ – യുകെ മൈഗ്രേഷന്‍ ആന്റ് മൊബിലിറ്റി ധാരണാപത്രത്തിന്റെ ഭാഗമായാണ് ഇത് തുടങ്ങിയത്. 2023 ഫെബ്രുവരിയില്‍ ഇത് ഔദ്യോഗികമായി തുടങ്ങി. ആളുകള്‍ തമ്മില്‍ കൂടുതല്‍ അടുപ്പം ഉണ്ടാക്കുക, അറിവുകള്‍ പങ്കുവെക്കുക, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നിവയാണ് ഇതിന്റെ ലക്ഷ്യങ്ങള്‍.









