ബിഗ് ബോസ് മലയാളം സീസൺ 7 ലെ ശ്രദ്ധേയ മത്സരാർഥികളിൽ ഒരാളാണ് രേണു സുധി. സമീപകാലത്ത് സോഷ്യൽ മീഡിയയിലൂടെ നേടിയെടുത്ത വലിയ ശ്രദ്ധയുടെ തുടർച്ചയാണ് രേണുവിൻറെ ബിഗ് ബോസിലെ സാന്നിധ്യം. ഭൂരിഭാഗം സഹമത്സരാർഥികൾക്കും അറിയാവുന്ന ഒരാൾ ഈ സീസണിൽ ഉണ്ടെങ്കിൽ അത് രേണു സുധി ആണ്. അത്രയും വലിയ സോഷ്യൽ മീഡിയ റീച്ച് ആണ് രേണു സുധി സമീപകാലത്ത് നേടിയെടുത്തത്. മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായി ആദ്യദിനം തന്നെ മത്സരാർഥികൾ കൈയ്യാങ്കളിക്ക് അടുത്തെത്തുന്ന കാഴ്ചയ്ക്ക് ഹൗസ് ഇന്നലെ സാക്ഷ്യം വഹിച്ചു. അരങ്ങേറിയ പല തർക്കങ്ങളിൽ ഒന്നിൽ കേന്ദ്ര സ്ഥാനത്ത് രേണു സുധി ഉണ്ടായിരുന്നു.
തലവേദനയാണെന്ന് പറഞ്ഞ രേണു സുധിക്ക് അൽപസമയം വിശ്രമിക്കാൻ ക്യാപ്റ്റനായ അനീഷ് അനുവാദം കൊടുത്തിരുന്നു. എന്നാൽ ഇത് ചോദ്യം ചെയ്ത് പലരും എത്തി. അഭിലാഷ്, ഷാനവാസ്, അപ്പാനി ശരത് തുടങ്ങിയവരായിരുന്നു ഇതിൻറെ മുൻപന്തിയിൽ. അൽപം മുൻപ് ഷാനവാസ് കടുത്ത തലവേദനയാണെന്ന് പറഞ്ഞിട്ട് അനങ്ങാത്ത ക്യാപ്റ്റൻ രേണു സുധി പറഞ്ഞപ്പോഴേക്കും വിശ്രമം അനുവദിച്ചു എന്നതായിരുന്നു ഇവരുടെ പരാതി. ഇത് പ്രശ്‌നമായി ഉന്നയിച്ച് കുറച്ച് കഴിഞ്ഞപ്പോൾ തലവേദനയുടേതായ ബുദ്ധിമുട്ട് പ്രകടിപ്പിക്കാതെ നടന്ന രേണു സുധിയോട് അഭിലാഷും അപ്പാനി ശരത്തും അടക്കമുള്ളവർ രേണുവിൻറേത് അഭിനയമായിരുന്നുവെന്ന് വാദിച്ചു. ക്ഷീണത്തിന് വിശ്രമിക്കാൻ കണ്ടെത്തിയ ഉപായമാണ് തലവേദന എന്നായിരുന്നു ഇവരുടെ വാദം. എന്നാൽ ഇതിനോടെല്ലാം ശക്തിയുക്തം എതിർത്ത് നിൽക്കുന്ന രേണു സുധിയെയാണ് സഹമത്സരാർഥികൾ കണ്ടത്.
ഒടുവിൽ ബിഗ് ബോസ് ക്യാമറയ്ക്ക് മുന്നിൽ നിന്നുകൊണ്ട് തനിക്ക് മരുന്ന് വേണമെന്നും രേണു അഭ്യർഥിക്കുന്നുണ്ടായിരുന്നു. അൽപം കഴിഞ്ഞ് ബെഡ്‌റൂമിൽ ഒരു പഞ്ച് ഡയലോഗ് തമാശ മട്ടിൽ പറയുന്ന രേണു സുധിയെയും കണ്ടു. 100 പേർ നിന്ന് കളിയാക്കി ചിരിച്ചാലും താഴത്തില്ലെടാ, രേണു സുധി ഫ്‌ളവറല്ലെടാ, ഫയറാടാ എന്നായിരുന്നു പുഷ്പയിലെ ഡയലോഗ് കടംകൊണ്ടുള്ള രേണുവിൻറെ പറച്ചിൽ. അതേസമയം സീസണിലെ ആദ്യ നോമിനേഷൻ ലിസ്റ്റിലും രേണു സുധി ഇടംപിടിച്ചിട്ടുണ്ട്.









