എക്സാലോജിക് കേസ്: വീണ വിജയൻ വീണ്ടും ഇഡിക്ക് മുന്നിൽ

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കേസിൽ മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ വീണ്ടും ഹാജരായി. വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്നീ കമ്പനികളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് വ്യാഴാഴ്ച രണ്ടാം തവണയും അവർ ചോദ്യം ചെയ്യലിനായി എത്തിയത്.

വ്യാഴാഴ്ച രാവിലെ 9:20 ഓടെയാണ് വീണ വിജയൻ കൊച്ചിയിലെ ഇഡി ഓഫീസിൽ എത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. മുൻപ് ജൂൺ 17-ന് കേതുമായി ബന്ധപ്പെട്ട് ഒൻപത് മണിക്കൂറിലധികം നേരം ഇഡി വീണയെ വിശദമായി ചോദ്യം ചെയ്തിരുന്നു. അതിനുശേഷം ആദ്യം ജൂൺ 29-ന് വീണ്ടും ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരുന്നതെങ്കിലും പിന്നീട് ഈ തീയതി മാറ്റുകയും വ്യാഴാഴ്ച തന്നെ ഹാജരാകാൻ നിർദ്ദേശിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.

അന്വേഷണത്തിന്റെ ഭാഗമായി ജൂൺ 19-ന് ഇഡി ഉദ്യോഗസ്ഥർ തിരുവനന്തപുരത്തുള്ള വീണയുടെ ബാങ്ക് ലോക്കറുകളിൽ പരിശോധന നടത്തിയിരുന്നു. മുൻപ് നൽകിയ മൊഴികളും അന്വേഷണത്തിനിടയിൽ ലഭിച്ച തെളിവുകളും വിശകലനം ചെയ്ത ശേഷമാണ് കൂടുതൽ ചോദ്യം ചെയ്യലുകൾ ആവശ്യമാണെന്ന നിഗമനത്തിലേക്ക് ഇഡി എത്തിയത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സിഎംആർഎല്ലിന്റെ ഡയറക്ടർമാരെയും മുതിർന്ന ഉദ്യോഗസ്ഥരെയും കേന്ദ്ര ഏജൻസി ചോദ്യം ചെയ്തുവരികയാണ്.

വീണ വിജയൻ്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസിന് യാതൊരുവിധ സേവനങ്ങളും നൽകാതെ സിഎംആർഎൽ കമ്പനി 2.78 കോടി രൂപ നൽകിയെന്ന ആരോപണത്തെക്കുറിച്ചാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. ഇത് കൂടാതെ സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള എംപവർ ഇന്ത്യ കാപ്പിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എക്സാലോജിക്കിന് തവണകളായി 50 ലക്ഷം രൂപ വായ്പ നൽകിയതായും ഇഡി കണ്ടെത്തിയിരുന്നു.

വായ്പ തിരിച്ചടയ്ക്കുന്നതിൽ എക്സാലോജിക് വീഴ്ച വരുത്തിയിട്ടും ഈ തുക നൽകിയെന്നാണ് കണ്ടെത്തൽ. ഈ ഇടപാടുകളിലൂടെ വീണയും സിഎംആർഎൽ മാനേജ്‌മെന്റും ചേർന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചെന്നാണ് ഇഡിയുടെ ആരോപണം.

കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) 2025 ഏപ്രിലിൽ എറണാകുളം കോടതിയിൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി ഈ കേസ് രജിസ്റ്റർ ചെയ്തത്. എക്സാലോജിക്കും സിഎംആർഎല്ലും തമ്മിൽ സേവനങ്ങൾ നൽകാതെ തന്നെ പണം കൈമാറുന്നതിനുള്ള ക്രമീകരണങ്ങൾ ഉണ്ടായിരുന്നുവെന്നാണ് എസ്എഫ്ഐഒ കണ്ടെത്തിയിരുന്നത്.കൊച്ചി കോടതിയുടെ അനുമതിയോടെ എസ്എഫ്ഐഒ ശേഖരിച്ച നിർണ്ണായക രേഖകൾ അടുത്തിടെ ഇഡിക്ക് കൈമാറിയിരുന്നു. ഇതിന് മുൻപ് 2019 ജനുവരിയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് സിഎംആർഎൽ കമ്പനിയുടെ സാമ്പത്തിക ക്രമക്കേടുകൾ ആദ്യമായി പുറത്തുവരുന്നത്. അന്ന് ഏകദേശം 130 കോടി രൂപയുടെ വ്യാജ ചെലവുകൾ കമ്പനി കാണിച്ചതായി കണ്ടെത്തിയിരുന്നു. നിലവിൽ രേഖകളുടെ പരിശോധനയും ചോദ്യം ചെയ്യലുകളുമായി ഇഡി അന്വേഷണം ശക്തമായി മുന്നോട്ട് കൊണ്ടുപോകുകയാണ്.

Top News from last week.

Latest News

More from this section