സ്വാതന്ത്ര്യദിനാഘോഷത്തിനിടെ കോഴിക്കോട് കോർപ്പറേഷനിൽ ചേരിതിരിവ്; എൽ.ഡി.എഫ് ദേശീയഗാനം ചൊല്ലുമ്പോൾ വന്ദേമാതരം ആലാപനവുമായി ബി.ജെ.പി


കോഴിക്കോട്: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ കോഴിക്കോട് കോർപ്പറേഷനിൽ കൗൺസിലർമാർ തമ്മിൽ പരസ്യമായ ചേരിതിരിവ്. പതാക ഉയർത്തിയ ശേഷം മേയറുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് കൗൺസിലർമാർ ദേശീയഗാനം ആലപിച്ച അതേസമയത്തുതന്നെ ബി.ജെ.പി കൗൺസിലർമാർ വന്ദേമാതരം ചൊല്ലാൻ തുടങ്ങിയതാണ് വിവാദമായത്.
വന്ദേമാതരം ആലപിക്കുമെന്ന കാര്യം മേയറെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ബി.ജെ.പി അംഗങ്ങൾ അവകാശപ്പെട്ടെങ്കിലും, അങ്ങനെ യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് ഡെപ്യൂട്ടി മേയർ ഡോ. ജയശ്രീ വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം ഒഴിവാക്കി
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിന്ന് വന്ദേമാതരം പൂർണ്ണമായും ഒഴിവാക്കിയിരുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുത്ത പ്രധാന ചടങ്ങിലും വിവിധ ജില്ലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ആഘോഷങ്ങളിലും ദേശീയഗാനം മാത്രമാണ് ആലപിച്ചത്. പ്രോട്ടോക്കോൾ വിഭാഗത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. ചീഫ് സെക്രട്ടറി മുൻപ് ഇറക്കിയ ഉത്തരവ് വിവാദമായതിനെ തുടർന്ന്, ഉത്തരവ് പിൻവലിച്ചില്ലെങ്കിലും വന്ദേമാതരം പാടേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.
തിരുവനന്തപുരം കോർപ്പറേഷനിൽ വന്ദേമാതരം ആലപിച്ചു
സർക്കാർ നിർദ്ദേശം തള്ളി തിരുവനന്തപുരം കോർപ്പറേഷനിൽ വന്ദേമാതരം മുഴുവനായും ആലപിച്ചു. മേയർ വി.വി. രാജേഷ് പതാക ഉയർത്തിയ ചടങ്ങിലാണ് ഗാനം ചൊല്ലിയത്. രാജ്യത്തിന്റെ പുതിയ മുന്നേറ്റത്തിന് അനുസൃതമായി നഗരസഭ ജനങ്ങൾക്ക് പ്രതീക്ഷ നൽകി മുന്നേറുകയാണെന്ന് മേയർ അഭിപ്രായപ്പെട്ടു. ബി.ജെ.പി സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവനിലും വന്ദേമാതരം ആലാപനം നടന്നു.









