കേന്ദ്ര സർവകലാശാലകളിലെയും കേന്ദ്ര ധനസഹായമുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും (CFTIs) അധ്യാപക നിയമനങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ആവശ്യപ്പെട്ട് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുകാന്ത മജുംദാർ വ്യക്തമായ മറുപടി നൽകാൻ തയ്യാറായില്ലെന്ന് വി. ശിവദാസൻ എം.പി.
അധ്യാപക ഒഴിവുകൾ, സംവരണ വിഭാഗങ്ങളിലെ ബാക്ക്‌ലോഗ്, പുതുതായി സൃഷ്ടിച്ച അധ്യാപക തസ്തികകൾ, പി.എച്ച്.ഡി. ഗവേഷണ അവസരങ്ങൾ എന്നിവ സംബന്ധിച്ച് വിശദമായ കണക്കുകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും, ചോദ്യങ്ങൾക്ക് പൊതുവായ വിശദീകരണങ്ങൾ മാത്രമാണ് സർക്കാർ നൽകിയത്.
സ്ഥാപനം തിരിച്ചുള്ള അധ്യാപക ഒഴിവുകളുടെ എണ്ണം, കഴിഞ്ഞ അഞ്ച് വർഷത്തെ വർഷം തിരിച്ചുള്ള ഒഴിവുകളുടെ കണക്ക്, SC, ST, OBC, EWS വിഭാഗങ്ങൾ തിരിച്ചുള്ള ഒഴിവുകൾ, പുതുതായി സൃഷ്ടിച്ച അധ്യാപക തസ്തികകൾ, വർധിപ്പിച്ച പി.എച്ച്.ഡി. സീറ്റുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളൊന്നും സർക്കാർ വെളിപ്പെടുത്തിയില്ല. ഇതിലൂടെ പാർലമെന്റിന്റെ അവകാശത്തെ പോലും അവഗണിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അധ്യാപകരുടെ ലഭ്യതയെ ആശ്രയിച്ചാണ് പി.എച്ച്.ഡി. ഗവേഷണവും ഗവേഷണ മേൽനോട്ടവും നടക്കുന്നതെന്നും, അധ്യാപക ഒഴിവുകൾ ഗവേഷണ പ്രവേശനത്തെയും ഗവേഷണ നിലവാരത്തെയും നേരിട്ട് ബാധിക്കുമെന്ന കാര്യം സർക്കാർ തന്നെ മറുപടിയിൽ സമ്മതിക്കുന്നുണ്ട്. എന്നാൽ, പി.എച്ച്.ഡി. പ്രവേശനം വർധിച്ചതിനനുസരിച്ച് എത്ര പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിച്ചുവെന്നോ എത്ര പുതിയ ഗവേഷണ ഗൈഡുമാരെ നിയമിച്ചുവെന്നോ സർക്കാർ വ്യക്തമാക്കിയിട്ടില്ല.
2014-15-ൽ ഏകദേശം 1.17 ലക്ഷം ആയിരുന്ന പി.എച്ച്.ഡി. പ്രവേശനം 2023-24-ൽ 3.43 ലക്ഷമായി ഉയർന്നതായി സർക്കാർ അവകാശപ്പെടുമ്പോഴും, അതിനനുസരിച്ച് ഗവേഷണ സംവിധാനവും അധ്യാപക നിയമനവും ശക്തിപ്പെടുത്തിയിട്ടുണ്ടോയെന്ന നിർണായക ചോദ്യത്തിന് മറുപടി ലഭിച്ചില്ല.
സംവരണ വിഭാഗങ്ങളിലെ ബാക്ക്‌ലോഗ് ഒഴിവുകൾ നികത്താൻ പ്രത്യേക റിക്രൂട്ട്മെന്റ് ഡ്രൈവ് ആരംഭിച്ചിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ നിലവിൽ എത്ര ബാക്ക്‌ലോഗ് ഒഴിവുകൾ അവശേഷിക്കുന്നുവെന്നോ, ഏതെല്ലാം സ്ഥാപനങ്ങളിലാണെന്നോ, ഏത് സാമൂഹിക വിഭാഗങ്ങളെയാണ് അത് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്നോ വെളിപ്പെടുത്താൻ സർക്കാർ തയ്യാറായില്ല.
അധ്യാപക നിയമനത്തിന്റെ ഉത്തരവാദിത്തം സ്വയംഭരണ സ്ഥാപനങ്ങൾക്കാണെന്ന് മന്ത്രി വിശദീകരിച്ചെങ്കിലും, നിയമന കാലതാമസം ഒഴിവാക്കുന്നതിനും സംവരണ വ്യവസ്ഥകൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനും കേന്ദ്ര സർക്കാരിന് മേൽനോട്ട ഉത്തരവാദിത്തമില്ലെന്ന നിലപാടാണ് മറുപടിയിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
രാജ്യത്ത് യു.ജി.സി. അംഗീകാരമുള്ള 57 കേന്ദ്ര സർവകലാശാലകളും 130-ലധികം കേന്ദ്ര ധനസഹായമുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും (CFTIs) പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിലെ അധ്യാപക ഒഴിവുകൾ മൂലം ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും നിലവാരം തകരുന്നതായും, പ്രത്യേകിച്ച് സാമൂഹികമായി പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ ഗവേഷണ അവസരങ്ങളും അധ്യാപക പ്രാതിനിധ്യവും ഗുരുതരമായി ബാധിക്കപ്പെടുന്നതായും അക്കാദമിക സമൂഹവും വിദ്യാർത്ഥി സംഘടനകളും ദേശീയ മാധ്യമങ്ങളും നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധ്യാപക ക്ഷാമം ഒരു ഭരണപരമായ വീഴ്ച മാത്രമല്ല; രാജ്യത്തിന്റെ ഗവേഷണ ശേഷിയെയും അക്കാദമിക മികവിനെയും സാമൂഹിക നീതിയെയും ഒരുപോലെ ബാധിക്കുന്ന ഗൗരവമേറിയ പ്രശ്നമാണെന്ന് വി. ശിവദാസൻ എം.പി. പറഞ്ഞു. കേന്ദ്ര സർവകലാശാലകളിലെയും CFTIകളിലെയും അധ്യാപക ഒഴിവുകളുടെ സ്ഥാപനം തിരിച്ചും സാമൂഹിക വിഭാഗം തിരിച്ചുമുള്ള കൃത്യമായ വിവരങ്ങൾ ഉടൻ പാർലമെന്റിന് മുന്നിൽ വെളിപ്പെടുത്തണമെന്നും, എല്ലാ ഒഴിവുകളും സമയബന്ധിതമായി നികത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.








