കണ്ണൂർ: പി.കെ. ശ്രീമതി ടീച്ചർക്കെതിരായ വ്യാജവാർത്താ പ്രചാരണത്തിൽ മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം നേതാവ് കെ.കെ. രാഗേഷ്. കേരളത്തിൽ മീഡിയകളെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം ആരെപ്പറ്റിയും എന്തും പറയാനുള്ള സ്വാതന്ത്ര്യം നേടിയെടുത്തിരിക്കുകയാണെന്നും വി.ഡി. സതീശൻ പദവിയിലെത്തിയത് മുതൽ ഇക്കൂട്ടരുടെ അഴിഞ്ഞാട്ടം വർദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുൻ മന്ത്രിയും നിരവധി തവണ ജനപ്രതിനിധിയുമായ പി.കെ. ശ്രീമതി ടീച്ചർക്കെതിരെ പ്രായവും പദവിയും പോലും പരിഗണിക്കാതെയാണ് വ്യാജകഥ ചമച്ച് ആക്രമണം നടത്തിയത്. എന്നാൽ പ്രബുദ്ധരായ കേരള ജനത ഈ നീക്കത്തെ തള്ളിക്കളയുകയും മാധ്യമങ്ങളുടെ വ്യാജവാർത്തകൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തതായി രാഗേഷ് വ്യക്തമാക്കി.
സോഷ്യൽ മീഡിയ മോണിറ്റൈസേഷൻ നിലവിൽ വന്നതോടെ പണം നേടാൻ എന്തും ചെയ്യാൻ മടിയില്ലാത്തവരായി ഭൂരിഭാഗം മാധ്യമങ്ങളും മാറിയിരിക്കുകയാണ്. പാരമ്പര്യമുള്ള മാധ്യമ സ്ഥാപനങ്ങൾ മുതൽ പാപ്പരാസി ചാനലുകൾ വരെ വ്യാജവാർത്തകൾ നിർമ്മിക്കുകയും, അതേ വാർത്തകളുടെ അടിസ്ഥാനത്തിൽ ‘ഫാക്ട് ചെക്കിംഗ്’ നടത്തി കൂടുതൽ പണം സമ്പാദിക്കുകയും ചെയ്യുന്ന ഗതികെട്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം വിമർശിച്ചു.
ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകരെ പ്രത്യേകം ലക്ഷ്യമിട്ടാണ് ഇത്തരം ആക്രമണങ്ങൾ നടക്കുന്നത്. വലതുപക്ഷത്തിന്റെ പൂർണ്ണ പിന്തുണ ഇതിനുണ്ടെന്നും എല്ലാ അതിരുകളും ലംഘിക്കുന്ന ഇത്തരം രീതികൾക്കെതിരെ നിയമത്തിന് പരിധികളുള്ളതിനാൽ സമൂഹം ജാഗ്രത പാലിക്കണമെന്നും കെ.കെ. രാഗേഷ് കൂട്ടിച്ചേർത്തു.








