കണ്ണൂരിൽ തീപാറും പോരാട്ടം

തീപാറുന്ന പോരാട്ടം കൊണ്ട് എല്ലാവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് കണ്ണൂർ. വമ്പൻ അട്ടിമറിയിലൂടെ 2016 ൽ രാമചന്ദ്രൻ കടന്നപ്പള്ളി പിടിച്ചെടുത്ത കോൺഗ്രസിന്റെ കുത്തക മണ്ഡലം. തുടർച്ചയായ രണ്ട് വിജയം. മൂന്നാമൂഴത്തിൽ കടന്നപ്പള്ളിയെ തളയ്ക്കാൻ മുൻ മേയർ ടി ഒ മോഹനനെയാണ്‌ കോൺഗ്രസ്‌ നിയോഗിച്ചിരിക്കുന്നത്. നേരിയ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും കണ്ണൂർ വിധി എഴുതിയത്. അതാണ് ഇരു മുന്നണികൾക്കും ചങ്കിടിപ്പ് കൂട്ടുന്നത്.
രാഷ്ട്രീയത്തിനപ്പുറം രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ വ്യക്തി മികവാണ് വിജയത്തിന് നിർണായകമായത്.
ഒന്നാം പിണറായി മന്ത്രിസഭയില്‍ തുറമുഖ വകുപ്പിന്റെയും , രണ്ടാം പിണറായി മന്ത്രിസഭയില്‍ പുരാവസ്തു, മ്യൂസിയം വകുപ്പിന്റെയും മന്ത്രിയുമായി. കടന്നപ്പള്ളിയുടെ പൊതു സ്വീകാര്യതയും ലാളിത്യവും തന്നെയാണ് എൽ ഡി എഫിന്റെ പ്രതീക്ഷ. യുവാവിന്റെ ഊർജസ്വലതയോടെ മണ്ഡലത്തിലെങ്ങും ഓടി എത്താറുള്ള അദ്ദേഹത്തിന് എല്ലാ വിഭാഗം ജനങ്ങളുമായി അടുത്ത ബന്ധവും ഉണ്ട്. ഇത് പരമാവധി വോട്ടാക്കി മാറ്റാൻ മണ്ഡലം നിറഞ്ഞ് പ്രവർത്തിക്കുകയാണ് കടന്നപ്പള്ളി. ചിട്ടയായ പ്രവർത്തനവുമായി എൽ ഡി എഫ് ഒപ്പം തന്നെ ഉണ്ട്.
മണ്ഡലം തിരിച്ചുപിടിക്കുകയെന്നത് യുഡിഎഫിന് അഭിമാനപ്രശ്‌നമാണ്. മേയർ എന്ന നിലയിൽ കണ്ണൂരിന് ചിര പരിചിതനാണ് ടി ഒ മോഹനൻ. ദീർഘ കാല സംഘടന പ്രവർത്തന ബന്ധങ്ങളും ഉണ്ട്. എന്ത് വില കൊടുത്തും മണ്ഡലം തിരിച്ചു പിടിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് യു ഡി എഫ്.
കെ സുധാകരന്റെ മനസ്സിനേറ്റ മുറിവ് അടിയൊഴുക്ക് ഉണ്ടാക്കുമോ എന്ന ആശങ്ക ഇപ്പോഴുമുണ്ട്. കോൺഗ്രസിന്റ ചില ശക്തി കേന്ദ്രങ്ങളിൽ വേണ്ടത്ര ആവേശം പ്രകടമല്ലെന്ന നിരീക്ഷണം ഉണ്ട്. സാമുദായികമായ അടിയോഴുക്കും ചിലരൊക്കെ പ്രവചിക്കുന്നുണ്ട്. എന്നാൽ യു ഡി എഫിന് പൊതുവിൽ അനുകൂലമാണ് സ്ഥിതി എന്നാണ് ടി ഒ മോഹനന്റെ അടുത്ത വൃത്തങ്ങൾ പറയുന്നത്.
ബിജെപിയും ശക്തമായ സാന്നിധ്യമായി രംഗത്തുണ്ട്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ സി രഘുനാഥാണ് സ്ഥാനാര്‍ഥി. ഇദ്ദേഹം പിടിക്കുന്ന വോട്ടുകൾ ആരുടെ നഷ്ടം ആയിരിക്കുമെന്നതും ഫലം നിർണയിക്കുന്നതിൽ നിർണയം ആയിരിക്കും.

Top News from last week.

Latest News

More from this section