അർജന്റീന ടീമിനെതിരെ ഫിഫയുടെ അച്ചടക്ക നടപടി; ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പിന്നാലെ വിവാദം

അറ്റ്‌ലാന്റ : അറ്റ്‌ലാന്റയിൽ നടന്ന ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ 2-1 ന് പരാജയപ്പെടുത്തി അർജന്റീന ഫൈനലിൽ പ്രവേശിച്ചെങ്കിലും, വിജയത്തിന് പിന്നാലെ ടീം കടുത്ത നിയമക്കുരുക്കിലേക്ക് നീങ്ങുകയാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള ‘ഫോക്ക്‌ലാൻഡ് ദ്വീപ്’ രാഷ്ട്രീയ തർക്കം ലോകകപ്പ് വേദിയിലേക്ക് വലിച്ചിഴച്ചതിനാണ് അർജന്റീനയ്ക്കെതിരെ ഫിഫ കടുത്ത അച്ചടക്ക നടപടിക്കൊരുങ്ങുന്നത്. മത്സരശേഷം ഗാലറിയിൽ നിന്ന് ആരാധകർ നൽകിയ, ‘ഫോക്ക്‌ലാൻഡ് ദ്വീപുകൾ അർജന്റീനയുടേതാണ്’ (ലാസ് മാൽവിനാസ് സൺ അർജന്റീനാസ്) എന്ന് സ്പാനിഷിൽ എഴുതിയ രാഷ്ട്രീയ ബാനർ അർജന്റീനൻ താരങ്ങളായ ജിയോവാനി ലോ സെൽസോയും നിക്കോളാസ് ഒട്ടമെൻഡിയും പരസ്യമായി മൈതാനത്ത് പ്രദർശിപ്പിച്ചതാണ് വിവാദത്തിന് കാരണമായത്. കൗതുകകരമായ കാര്യം, ഇരുവരും മുൻപ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തിനും മാഞ്ചസ്റ്റർ സിറ്റിക്കും വേണ്ടി കളിച്ചിട്ടുള്ളവരാണ് എന്നതാണ്.

​കളിക്കളത്തിലോ ഔദ്യോഗിക സമയത്തോ രാഷ്ട്രീയ, മത, വ്യക്തിപരമായ മുദ്രാവാക്യങ്ങളോ ചിഹ്നങ്ങളോ ജേഴ്സിയിലോ മറ്റ് വസ്തുക്കളിലോ ഉപയോഗിക്കുന്നത് ഫിഫയും രാജ്യാന്തര ഫുട്ബോൾ അസോസിയേഷൻ ബോർഡും കർശനമായി വിലക്കിയിട്ടുണ്ട്. ഈ നിയമം ലംഘിക്കുന്ന കളിക്കാർക്കെതിരെയോ രാജ്യത്തിന്റെ ഫുട്ബോൾ അസോസിയേഷനെതിരെയോ ശക്തമായ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ സംഘാടകർക്ക് അധികാരമുണ്ട്. ഇതനുസരിച്ച് വരാനിരിക്കുന്ന ഫൈനൽ മത്സരത്തിൽ കനത്ത പിഴയോ കളിക്കാർക്ക് വിലക്കോ ഉൾപ്പെടെയുള്ള ശിക്ഷകൾ അർജന്റീന നേരിടേണ്ടി വന്നേക്കാം.
​കായികലോകത്ത് ഈ വിഷയം വലിയ നയതന്ത്ര ചർച്ചയായി മാറുന്നതിനിടെ, ഫിഫയെ വെല്ലുവിളിച്ച് അർജന്റീന വൈസ് പ്രസിഡന്റ് വിക്ടോറിയ വില്ലാറുവൽ രംഗത്തെത്തിയത് വിവാദം വീണ്ടും കൊഴുപ്പിച്ചു. താരങ്ങൾ ബാനർ പിടിച്ചുനിൽക്കുന്ന ചിത്രം എക്സിൽ പങ്കുവെച്ച അവർ, ഫോക്ക്‌ലാൻഡ് ദ്വീപുകൾ അർജന്റീനയുടേത് മാത്രമാണെന്നും, കളിസ്ഥലത്ത് വിലക്കിയാലും അത് തങ്ങളുടെ ചോരയിലും നെഞ്ചിലുമുണ്ടെന്ന കാര്യം അധികൃതർ മറന്നുപോയെന്നും കുറിച്ചു.

​നിലവിൽ ബ്രിട്ടന്റെ അധീനതയിലുള്ള, അർജന്റീനയുടെ കിഴക്കൻ തീരത്തുനിന്നും 480 കിലോമീറ്റർ അകലെയുള്ള ഫോക്ക്‌ലാൻഡ് ദ്വീപിനെച്ചൊല്ലി 19-ാം നൂറ്റാണ്ട് മുതൽ ഇരുരാജ്യങ്ങളും തമ്മിൽ തർക്കമുണ്ട്. അർജന്റീനക്കാർ ‘ലാസ് മാൽവിനാസ്’ എന്ന് വിളിക്കുന്ന ഈ ദ്വീപ് പിടിച്ചെടുക്കാൻ 1982-ൽ അർജന്റീനൻ സൈന്യം ശ്രമിച്ചതോടെയാണ് 74 ദിവസം നീണ്ട ‘ഫോക്ക്‌ലാൻഡ് യുദ്ധം’ ഉണ്ടായത്. അന്ന് അർജന്റീന പരാജയപ്പെടുകയും 649 അർജന്റീന സൈനികരുടെയും 255 ബ്രിട്ടീഷ് സൈനികരുടെയും ജീവൻ നഷ്ടമാവുകയും ചെയ്തു. ഈ ചരിത്രപരമായ രാഷ്ട്രീയ വൈരാഗ്യമാണ് ഇപ്പോൾ ലോകകപ്പ് വേദിയെയും ഉലയ്ക്കുന്നത്.

Top News from last week.