ചലച്ചിത്ര നിർമ്മാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ) അന്തരിച്ചു: വിടവാങ്ങിയത് മലയാള സിനിമയുടെ ചരിത്രപുരുഷൻ


മലയാള സിനിമാ നിർമ്മാണ-വിതരണ രംഗത്തെ പ്രമുഖ വ്യക്തിത്വമായ എൻ.ജി. ജോൺ (ജിയോ കുട്ടപ്പൻ-90) അന്തരിച്ചു. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. നവതിയാഘോഷത്തിന്റെ നിറവിൽ നിൽക്കവെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. ഭൗതികശരീരം വ്യാഴാഴ്ച ഇടപ്പള്ളി തോപ്പിൽ മേരി ക്വീൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

ആദ്യകാല വിതരണക്കാരനായ എൻ.എക്സ്. ജോർജിന്റെ മകനായ ജിയോ കുട്ടപ്പൻ, ഉദയായും മെറിലാൻഡും മലയാള സിനിമയിൽ സജീവമാകുന്നതിനും മുൻപേ ഈ രംഗത്തേക്ക് കടന്നുവന്നയാളാണ്. പ്രശസ്ത ബാനറായ ‘ജിയോ പിക്ചേഴ്സ്’ വഴി ഒട്ടേറെ മികച്ച സിനിമകൾ അദ്ദേഹം പ്രേക്ഷകരിലെത്തിച്ചു. 1939-ൽ സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ നിലവിൽ വന്നതുമുതൽ ജിയോ പിക്ചേഴ്സ് അതിൽ പങ്കാളിയാണ്. ആറു വർഷത്തോളം കേരള ഫിലിം ചേംബർ പ്രസിഡന്റായും സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ എക്സിക്യൂട്ടീവ് അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഐ.വി. ശശിയുമായുള്ള കൂട്ടുകെട്ടിലാണ് അദ്ദേഹത്തിന്റെ ഭൂരിഭാഗം ചിത്രങ്ങളും പിറന്നത്. ഈനാട്, മീൻ, ഏഴാം കടലിനക്കരെ, ഇനിയും പുഴയൊഴുകും, ഇനിയെങ്കിലും, ഇന്നല്ലെങ്കിൽ നാളെ, ഇത്രയും കാലം തുടങ്ങിയ പ്രശസ്ത ഐ.വി. ശശി ചിത്രങ്ങൾ ജിയോ കുട്ടപ്പനാണ് നിർമ്മിച്ചത്. ഇതിനുപുറമെ മണിരത്നത്തിന്റെ ‘ഉണരൂ’, ഭദ്രന്റെ ‘ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ’, ജെ. ശശികുമാറിന്റെ ‘മിനിമോൾ’, എം. കൃഷ്ണൻ നായരുടെ ‘രജനീഗന്ധി’ എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റെ നിർമ്മാണത്തിൽ പുറത്തുവന്നവയാണ്.
ഏഴു പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെക്കുന്ന ‘സിനിമയും ഞാനും – 70 വർഷങ്ങൾ’ എന്ന പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ അനുശോചനം രേഖപ്പെടുത്തി.









