രക്തജന്യ രോഗികൾക്ക് പഞ്ചായത്തുകൾ വഴി ധനസഹായം നൽകണം:കെ.എം.ഷാജിക്ക് നിവേദനം നൽകി

കോഴിക്കോട്: ലുക്കീമിയ, തലസീമിയ, ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ തുടങ്ങിയ മാരക രക്തജന്യ രോഗികൾക്ക് ജീവൻരക്ഷാ മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കുമായി ഗ്രാമപഞ്ചായത്തുകൾ വഴി അടിയന്തര സാമ്പത്തിക സഹായം ഉറപ്പാക്കണമെന്ന് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

മരുന്ന് കമ്പനികൾ ടെണ്ടറിൽ പങ്കെടുക്കാത്തത് മൂലം രോഗികൾ ജീവൻരക്ഷാ മരുന്നും ലൂക്കോസൈറ്റ് ഫിൽട്ടർ സെറ്റും കിട്ടാതെ അങ്ങേയറ്റം ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. മുൻപ് കുട്ടി അഹ്‌മദ് കുട്ടി പഞ്ചായത്ത് മന്ത്രിയായിരുന്ന കാലത്ത് ഇത്തരം രോഗികൾക്കായി പ്രവർത്തിക്കുന്ന സംഘടനകൾക്ക് പതിനായിരം രൂപ വരെ ധനസഹായം നൽകാൻ ഉത്തരവിറക്കിയിരുന്നെങ്കിലും ഗ്രാമപഞ്ചായത്തുകൾ അത് നടപ്പിലാക്കിയില്ല. തുടർന്ന് മുൻ മന്ത്രി എം.ബി. രാജേഷിന് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടി.

ടെണ്ടർ നടപടികൾ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ, ഓരോ രോഗിക്കും പഞ്ചായത്ത്/മുനിസിപ്പൽ ഫണ്ടിൽ നിന്നും പതിനായിരം രൂപ വീതം അടിയന്തരമായി അനുവദിക്കാൻ നടപടി വേണമെന്ന് കൗൺസിൽ ഭാരവാഹി കരീം കാരശ്ശേരി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Top News from last week.