ആദിശങ്കരന്റെ ദർശനങ്ങൾ പഠിക്കാനും പഠിപ്പിക്കാനും രൂപം കൊണ്ട കണ്ണൂരിലെ ശ്രീ ശങ്കരാചാര്യ ആദ്യാത്മിക പഠന ഗവേഷണ കേന്ദ്രം ഏർപ്പെടുത്തിയ പ്രഥമ ചെറുശ്ശേരി പുരസ്കാരത്തിന് സാഹിത്യകാരൻ ഡോ.കെ.വി മുരളി മോഹനൻ അർഹനായി . 15001 രൂപയും ചിത്രൻ കുഞ്ഞിമംഗലം രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ് . മുരളി മോഹൻ രചിച്ച കതിവന്നൂർ വീരൻ ദൈവവും കനലാടിയും എന്ന പുസ്തകത്തിനാണ് അവാർഡ്.. കാനത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ സെപ്റ്റംബർ 20ന് നടക്കുന്ന ചടങ്ങിൽ എടനീർ മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതി സ്വാമികൾ പുരസ്കാര സമർപ്പണം നടത്തും. ശ്രീ ശങ്കരാചാര്യ ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും സച്ചിദാനന്ദഭാരതി സ്വാമികൾ നിർവഹിക്കും . കെ വി സുമേഷ് എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഉത്തരമേഖല ഡി ഐ ജി യതീഷ് ചന്ദ്ര ഐപിഎസ് മുഖ്യാതിഥി ആയിരിക്കും . കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര, പത്മശ്രീ ഇ.പി നാരായണ പെരുവണ്ണാൻ , സംസ്ഥാന മുന്നോക്ക ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെ സി സോമൻ നമ്പ്യാർ, ക്ഷേത്രം തന്ത്രി കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാട്, കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, കണ്ണൂർ കൃഷ്ണ ജ്വൽസ് എം.ഡി.ഡോ. സി വി രവീന്ദ്രനാഥ് , ഡോ. കെ.വി മുരളി മോഹനൻ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 9 മണിക്ക് തുടങ്ങുന്ന പരിപാടിയിൽ കാനത്തൂർ മഹാവിഷ്ണു ക്ഷേത്ര ഭജന സംഘത്തിന്റെ ഭജന, എടയാർ ബ്രദേഴ്സിന്റെ സംഗീത കച്ചേരി, കാനത്തൂർ മഹാവിഷ്ണുക്ഷേത്ര മാതൃ സമിതിയുടെ സൗന്ദര്യലഹരി കീർത്തനാലാപനം, കുമാരി ശ്രീനന്ദ രാജീവ് അവതരിപ്പിക്കുന്ന കുച്ചിപ്പുടി , കലാഭവൻ ദിൽനയുടെ ഗാനാർച്ചന, തിരുവാതിര കളി എന്നിവയും നടക്കും . പ്രസാദ സദ്യയും ഒരുക്കിയിട്ടുണ്ട് .









