ബിഗ് ബോസിലെ ഏറ്റവും ആവേശകരമായ ആഴ്ചകളിലൊന്നാണ് ടിക്കറ്റ് ടു ഫിനാലെ നടക്കുന്ന വാരം. ഫിനാലെയ്ക്ക് രണ്ട് ആഴ്ച മാത്രം ശേഷിക്കെ നടക്കുന്ന ഒരു കൂട്ടം ടാസ്‌കുകളിൽ ഒന്നാമതെത്തുന്ന മത്സരാർഥിക്ക് 13-ാം ആഴ്ചയിലെ നോമിനേഷനിൽ പെടാതെ നേരിട്ട് ഫൈനൽ ഫൈവിലേക്ക് ഇടം ലഭിക്കും എന്നതാണ് ടിക്കറ്റ് ടു ഫിനാലെയുടെ പ്രത്യേകത. ഇത്തവണ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ഗെയിമർ എന്ന നിലയിൽ ഇത്ര നാളും പ്രശംസിക്കപ്പെടാതിരുന്ന ഒരു മത്സരാർഥിയാണ് ടിക്കറ്റ് ടു ഫിനാലെ വിജയി ആയത് എന്ന പ്രത്യേകതയുമുണ്ട്. നൂറ ആണ് സീസൺ 7 ലെ ടിക്കറ്റ് ടു ഫിനാലെ വിജയി. ഇന്നത്തെ എപ്പിസോഡിൽ ടിക്കറ്റ് ടു ഫിനാലെ വിജയിച്ചതിനുള്ള മൊമെൻറോ ബിഗ് ബോസ് നൂറയ്ക്ക് സമ്മാനിച്ചു.
മോഹൻലാൽ അറിയിച്ചതനുസരിച്ച് ആര്യനാണ് സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന മൊമെൻറോ എടുത്തുകൊണ്ടുവന്നത്. ആര്യനോട് തന്നെയാണ് അത് നൂറയ്ക്ക് സമ്മാനിക്കാനും മോഹൻലാൽ പറഞ്ഞത്. എട്ട് ടാസ്‌കുകൾ ഉണ്ടായിരുന്ന ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തിയത് ആര്യൻ ആയിരുന്നു. വലിയ സന്തോഷത്തോടെയാണ് ആര്യനിൽ നിന്നും നൂറ ഫലകം ഏറ്റുവാങ്ങിയത്. സഹമത്സരാർഥികൾ നൂറയെ അഭിവാദ്യം ചെയ്യുകയും ചെയ്തു. മോഹൻലാൽ വേദി വിട്ടതിന് ശേഷം തൻറെ പങ്കാളിയായ ആദിലയോട് താൻ എത്രത്തോളം ആഗ്രഹിച്ചിരുന്ന ഒന്നാണ് ടിക്കറ്റ് ടു ഫിനാലെയിലെ ഒന്നാം സ്ഥാനമെന്ന കാര്യം നൂറ പറഞ്ഞു. തൻറെ സ്വപ്നമായിരുന്നു ഇതെന്നും യാഥാർഥ്യത്തിലേക്ക് താൻ ഇപ്പോഴും ഇറങ്ങിവന്നിട്ടില്ലെന്നും നൂറ പറഞ്ഞു. തങ്ങളുടെ ഭാവിയിലെ വീട്ടിൽ കയറിച്ചെല്ലുന്നിടത്തുതന്നെ ഇത് വെക്കണമെന്ന അഭിപ്രായം ആദിലയും പങ്കുവച്ചു.
ഒരു പെൺകുട്ടി ടിക്കറ്റ് ടു ഫിനാലെയിൽ വിജയിക്കണമെന്ന തൻറെ ആഗ്രഹത്തെക്കുറിച്ച് നൂറ മുൻപും പറഞ്ഞിരുന്നു. പെൺകുട്ടികൾ എന്ന നിലയിൽ ജീവിതത്തിൽ തങ്ങൾ പലപ്പോഴും നേരിട്ടിട്ടുള്ള വേർതിരിവിനെക്കുറിച്ച് ആദില നൂറയെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു. ബിഗ് ബോസിൽ എത്തിയപ്പോഴും സ്ത്രീകൾ എന്ന നിലയിൽ തങ്ങളെ ചെറുതായി കണ്ടവർ ഉണ്ടായിരുന്നുവെന്നും ആദില പറയുന്നുണ്ടായിരുന്നു. അതേസമയം എട്ട് ടാസ്‌കുകളിൽ നിന്ന് 56 പോയിൻറുകളുമായാണ് നൂറ ഫൈനൽ ഫൈവിൽ എത്തിയത്. 51 പോയിൻറുകളുമായി ആര്യൻ രണ്ടാം സ്ഥാനത്തും 45 പോയിൻറുകളുമായി അക്ബർ മൂന്നാം സ്ഥാനത്തും എത്തി.









