മത്സ്യച്ചന്തയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര്: പേരിടൽ വിവാദത്തിൽ; ബോർഡ് മാറ്റാൻ ധാരണ


സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ പുതുതായി നിർമ്മിച്ച മത്സ്യച്ചന്തയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകിയതിനെച്ചൊല്ലി വിവാദം ഉടലെടുത്തു. സൂറത്ത് മുനിസിപ്പൽ കോർപ്പറേഷന്റെ (എസ്.എം.സി) ഈ നടപടിക്കെതിരെ പ്രാദേശിക വ്യാപാരികളിൽ ഒരു വിഭാഗം ശക്തമായ എതിർപ്പുമായി രംഗത്തെത്തി. സമ്പൂർണ്ണ സസ്യഭുക്കായ പ്രധാനമന്ത്രിയുടെ പേര് മത്സ്യച്ചന്തയ്ക്ക് നൽകിയത് അനുചിതമാണെന്നാണ് ഇവരുടെ വാദം.

നൻപുരയിലെ ലക്കാദ്കോട്ടിൽ 10 കോടി രൂപ ചെലവിൽ നിർമ്മിച്ച വിപണിക്കാണ് ‘ശ്രീ നരേന്ദ്ര മോദി ഹോൾസെയിൽ ഫിഷ് മാർക്കറ്റ്’ എന്ന് നാമകരണം ചെയ്തത്. കവാടത്തിൽ പ്രധാനമന്ത്രിയുടെ ചിത്രവും പേരും അടങ്ങിയ കൂറ്റൻ ബോർഡും സ്ഥാപിച്ചിരുന്നു. എന്നാൽ ജീവിതത്തിൽ ഇതുവരെ മത്സ്യാഹാരം കഴിച്ചിട്ടില്ലാത്ത നേതാവിന്റെ പേര് ഉപയോഗിച്ചതിനെതിരെ വ്യാപാരി പ്രതിനിധികൾ പ്രതിഷേധമറിയിക്കുകയായിരുന്നു.
അതേസമയം, കേന്ദ്ര സർക്കാരിന്റെ ‘പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന’ വഴി ലഭിച്ച മൂന്ന് കോടി രൂപയുടെ ഗ്രാന്റ് വിനിയോഗിച്ചാണ് പദ്ധതി പൂർത്തിയാക്കിയതെന്നും, അതിനാലാണ് ഈ പേര് നൽകിയതെന്നുമാണ് സൂറത്ത് ഫിഷ് മർച്ചന്റ് അസോസിയേഷൻ വ്യക്തമാക്കുന്നത്. എന്നാൽ പേരിടൽ വിഷയം ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്നും പരിഗണനയിലാണെന്നും വ്യക്തമാക്കിയ മുനിസിപ്പൽ കോർപ്പറേഷൻ, വിവാദമായ ബോർഡ് മാറ്റാൻ അസോസിയേഷൻ സമ്മതിച്ചതായും അറിയിച്ചു. 80 ഹോൾസെയിൽ സ്റ്റാളുകളാണ് ഈ പുതിയ മാർക്കറ്റിലുള്ളത്.









