തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച 2026-27 വർഷത്തെ പുതുക്കിയ ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഏറെയാണ്. കടക്കെണിയും സാമ്പത്തിക പ്രതിസന്ധിയും നിലനിൽക്കുമ്പോഴും, സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന ക്ഷേമപദ്ധതികളും വികസന പദ്ധതികളും ബജറ്റിൽ ഇടംപിടിച്ചു. ബജറ്റിൽ വിവിധ ജില്ലകൾക്കായി പ്രഖ്യാപിച്ച പ്രധാന പദ്ധതികൾ താഴെ പറയുന്നവയാണ്.
തിരുവനന്തപുരം:
- തലസ്ഥാന നഗരിയെ കേരളത്തിന്റെ നോളജ് ആൻഡ് സ്പേസ് ടെക്നോളജി ഹബ്ബായി വികസിപ്പിക്കും.
- വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തെ ആദ്യ ഗ്രീൻ ബങ്കറിംഗ് കേന്ദ്രമായി ഉയർത്തുകയും േപ്പൽ നിർമ്മാണ-അറ്റകുറ്റപ്പണി കേന്ദ്രം സ്ഥാപിക്കുകയും ചെയ്യും
- ബാലരാമപുരം-വിഴിഞ്ഞം ഭൂഗർഭ റെയിൽ, വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ് എന്നിവയുടെ നിർമ്മാണം വേഗത്തിലാക്കാൻ 100 കോടി രൂപ വകയിരുത്തി
- തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കുമെന്നും ഗവ. എഞ്ചിനീയറിംഗ് കോളേജിന് (CET) സർവ്വകലാശാലയുടെ ‘കോൺസ്റ്റിറ്റ്യൂവന്റ് കോളേജ്’ പദവി നൽകുമെന്നും പ്രഖ്യാപനമുണ്ട്
കൊല്ലം
- കൊല്ലത്തെ ധാതു സംസ്കരണത്തിന്റെയും അപൂർവ്വ ധാതുക്കളുടെയും (Rare Earth Minerals) കേന്ദ്രമായി മാറ്റും
- കൊല്ലം തുറമുഖ വികസനത്തോടൊപ്പം ചിന്നക്കടയിൽ സ്കൈ വാക്ക്, അർബൻ പാർക്ക് എന്നിവ നിർമ്മിക്കുന്നതിന് 5 കോടി രൂപ നീക്കിവെച്ചു
- കോട്ടങ്കരയിൽ ആധുനിക കോഴിമാംസ പ്രോസസിംഗ് പ്ലാന്റും പെറ്റ് ഫുഡ് ഫാക്ടറിയും സ്ഥാപിക്കും
ആലപ്പുഴ
- ആലപ്പുഴയെ ഇന്ത്യയുടെ ബ്ലൂ ഇക്കണോമി (Blue Economy) തലസ്ഥാനമായി വികസിപ്പിക്കും
- ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനായി 100 കോടി രൂപ വകയിരുത്തി
- അർത്തുങ്കൽ ബസിലിക്ക, അമ്പലപ്പുഴ ക്ഷേത്രം ഉൾപ്പെടെയുള്ള തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ട് നടപ്പിലാക്കും
- പാതിരാമണൽ ദ്വീപ് വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും
എറണാകുളം
- കൊച്ചിയിൽ ജെ.സി. ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി (ചിത്രനഗരം) സ്ഥാപിക്കുന്നതിന് 100 കോടി രൂപ അനുവദിച്ചു
- കൊച്ചി-ആലുവ-പെരുമ്പാവൂർ ബെൽറ്റിനെ ഒരു ഗ്ലോബൽ ഫർണിച്ചർ ഹബ്ബായി വികസിപ്പിക്കും
- കൊച്ചിയിൽ ആർബിട്രേഷൻ കോടതിയും ഗ്ലോബൽ കൺവെൻഷൻ സെന്ററും സ്ഥാപിക്കും
- എറണാകുളം മെഡിക്കൽ കോളേജ് നവീകരണത്തിനായി 10 കോടി രൂപയും ഗോശ്രീ-ബോൾഗാട്ടി സമാന്തര പാലത്തിനായി 1 കോടി രൂപയും വകയിരുത്തി
തൃശ്ശൂർ
- കൊച്ചി-തൃശ്ശൂർ ബെൽറ്റിനെ പ്രധാന ആഭരണ നിർമ്മാണ ഇടനാഴിയായി മാറ്റും
- തൃശ്ശൂരിൽ ജോൺസൺ മ്യൂസിക് അക്കാദമി ആരംഭിക്കുന്നതിന് 5 കോടി രൂപ അനുവദിച്ചു
- ചരിത്രപ്രസിദ്ധമായ തേക്കിൻകാട് മൈതാനം 10 കോടി രൂപ ചെലവിൽ നവീകരിക്കും
- തൃശ്ശൂർ മെഡിക്കൽ കോളേജിന് സർവ്വകലാശാലയുടെ ‘കോൺസ്റ്റിറ്റ്യൂവന്റ് കോളേജ്’ പദവി നൽകും
കോഴിക്കോട്
- കോഴിക്കോട് നഗരത്തിൽ എം.ടി. വാസുദേവൻ നായർ കൾച്ചറൽ പാർക്ക് സ്ഥാപിക്കുന്നതിന് 50 കോടി രൂപ വകയിരുത്തി
- കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കും
- ജില്ലയിലെ സൈബർ പാർക്കിനെ ഇൻഫോപാർക്കിന്റെ നിലവാരത്തിലേക്ക് ഉയർത്തും
- ഉരുൾപൊട്ടൽ ബാധിച്ച വിളങ്ങാടിനായി ‘വിളങ്ങാട് പാക്കേജ്’ (5 കോടി രൂപ) പ്രഖ്യാപിച്ചു
മലപ്പുറം
- മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി ജനറൽ ആശുപത്രിയായി ഉയർത്തും (5 കോടി രൂപ)
- ജില്ലയിൽ ആധുനിക രീതിയിലുള്ള കാൻസർ സെന്റർ സ്ഥാപിക്കാൻ 10 കോടി രൂപ വകയിരുത്തി
- പൊന്നാനിയിൽ മലബാർ തിണ്ടീസ് കൾച്ചറൽ ബിനാലെ സംഘടിപ്പിക്കും; തീരസംരക്ഷണത്തിനായി 3 കോടി രൂപ അനുവദിച്ചു
വയനാട്
വയനാട്ടിൽ ട്രൈബൽ സർവ്വകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും സ്ഥാപിക്കുന്നതിന് 50 കോടി രൂപ നീക്കിവെച്ചു
- ടൂറിസം മേഖലയിൽ ‘ബ്രാൻഡ് വയനാട്’ എന്ന ആശയം നടപ്പിലാക്കും
- സുൽത്താൻ ബത്തേരിയിൽ ഗവൺമെന്റ് ആർട്സ് & സയൻസ് കോളേജ് ആരംഭിക്കും
മറ്റ് ജില്ലകളിലെ പ്രഖ്യാപനങ്ങൾ:
- കാസർഗോഡ്: മഞ്ചേശ്വരത്ത് മിനി സിവിൽ സ്റ്റേഷനും ജില്ലയിലെ മെഡിക്കൽ കോളേജ് വികസനവും
- ഇടുക്കി: മെഡിക്കൽ കോളേജിന്റെ സൗകര്യങ്ങൾ വർദ്ധിപ്പിക്കും; മൂന്നാറിൽ ‘ഗ്രീൻ മാർഷൽസ്’ പദ്ധതി
- പാലക്കാട്: ഒറ്റപ്പാലത്ത് കോടതി സമുച്ചയം; തൃത്താലയിൽ കെ.ആർ. നാരായണൻ സിവിൽ സർവീസ് അക്കാദമി
- പത്തനംതിട്ട: പുതിയ ജയിൽ നിർമ്മാണവും പത്തനംതിട്ട ടൗൺ റിംഗ് റോഡും
- കോട്ടയം: സ്കൈ വാക്ക് പ്രവൃത്തികൾ പുനരാരംഭിക്കും
- കണ്ണൂർ: അഴീക്കൽ തുറമുഖ വികസനം; തളിപ്പറമ്പിൽ ജയിൽ നിർമ്മാണം









