കണ്ണൂർ: സി സദാനന്ദൻ എംപിയുടെ കാൽവെട്ടിയ കേസിലെ പ്രതികൾക്ക് സിപിഐഎം ഓഫീസിൽ യാത്രയയപ്പ് നൽകിയത് ചർച്ചയായതോടെ പ്രതികരിച്ച് മുൻ മന്ത്രി കെ കെ ശൈലജ എംഎൽഎ. യാത്രയയപ്പ് ചടങ്ങ് ആയിരുന്നില്ല അവിടെ നടന്നതെന്നും പാർട്ടി പ്രവർത്തകയായാണ് താൻ പോയതെന്നും കെ കെ ശൈലജ പ്രതികരിച്ചു. മട്ടന്നൂർ പഴശ്ശി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസിലാണ് പ്രതികൾക്ക് യാത്രയയപ്പ് നൽകിയത്. കെ കെ ശൈലജയും ചടങ്ങിൽ പങ്കെടുത്തിരുന്നു.
അവർ ഏതെങ്കിലും കുറ്റം ചെയ്തതായി കരുതുന്നില്ല. താൻ കോടതി വിധി മാനിക്കുന്നു. നാട്ടിലെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് അവരെന്നാണ് തന്റെ അറിവ്. മാന്യമായി ജീവിതം നയിക്കുന്നവരാണ് അവർ എല്ലാവരുമെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.
‘കോടതി അവരെ ശിക്ഷിച്ചിട്ടുണ്ട്. അവർ ഏതെങ്കിലും തരത്തിൽ ഇത്തരം കുറ്റകൃത്യത്തിൽ പങ്കെടുക്കുന്നവർ അല്ലെന്നാണ് നാട്ടുകാർക്ക് അറിയുന്നത്. സ്‌കൂൾ അധ്യാപകരും സർക്കാർ ഉദ്യോഗസ്ഥരുമായിരുന്നു. കോടതി വിധി മാനിക്കുന്നു. 30 വർഷത്തിന് ശേഷം അവർ ജയിലിൽ പോകുമ്പോൾ കുടുംബാംഗങ്ങളും വിഷയത്തിലാണ്. ഇവർ തെറ്റ് ചെയ്തില്ലെന്നാണ് കുടുംബവും വിശ്വസിക്കുന്നത്. പോകുന്ന സമയത്ത് അവിടെയുണ്ടായിരുന്നു. യാത്രയയപ്പായി അതിനെ കാണാൻ സാധിക്കില്ല’, കെ കെ ശൈലജ പറഞ്ഞു.
സി സദാനന്ദന്റെ കാൽവെട്ടിയ കേസിൽ സുപ്രീം കോടതിയിൽ അനുകൂല വിധി ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് പ്രതികൾ തലശ്ശേരി കോടതിയിൽ കീഴടങ്ങിയത്. സിപിഐഎമ്മുകാരായ എട്ട് പ്രതികളെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിച്ചത്. 30 വർഷത്തിന് ശേഷമാണ് പ്രതികൾ ജയിലിൽ കീഴടങ്ങുന്നത്. പ്രതികൾ കീഴടങ്ങിയ തലശ്ശേരി കോടതിക്ക് മുൻപിലും കണ്ണൂർ സെൻട്രൽ ജയിലിന് മുന്നിലും സിപിഐഎം പ്രവർത്തകർ ഇന്നലെ മുദ്രാവാക്യം വിളികളുമായി എത്തിയിരുന്നു.
കുറ്റവാളികൾക്ക് കെ കെ ശൈലജ യാത്രയയപ്പ് നൽകിയത് ദൗർഭാഗ്യകരമെന്നായിരുന്നു സി സദാനന്ദൻ പ്രതികരിച്ചത്.
തിലൂടെ മോശം സന്ദേശമാണ് നൽകുന്നത്. കുറ്റവാളികളെ തിരുത്തുന്നതിന് പകരം കുറ്റകൃത്യങ്ങൾ നടത്താൻ പ്രേരണയാകുന്നതാണ് യാത്രയയപ്പ്. തനിക്ക് നീതി കിട്ടിയെങ്കിലും വൈകിയെന്നും സി സദാനന്ദൻ പ്രതികരിച്ചിരുന്നു.









