10 വര്‍ഷത്തെ ഐപിഎല്‍ കരിയറില്‍ ആദ്യം, വിക്കറ്റില്ലാതെ 5 മത്സരങ്ങള്‍, 122 പന്തുകള്‍, ജസ്പ്രീത് ബുംറക്ക് ഇതെന്തുപറ്റിയെന്ന് ആരാധകര്‍

2025 സീസണിലെ അവസാന മത്സരത്തിന് ശേഷം തുടങ്ങിയ ഈ വിക്കറ്റ് വരൾച്ച ഐപിഎൽ 2026-ലെ നാല് മത്സരങ്ങൾ പിന്നിടുമ്പോഴും തുടരുകയാണ്.  

മുംബൈ: ജസ്പ്രീത് ബുംറ തന്‍റെ ഐപിഎൽ കരിയറിലെ ഏറ്റവും വിചിത്രമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ അഞ്ച് ഐപിഎൽ മത്സരങ്ങളിൽ ഒന്നിൽ പോലും ഒരു വിക്കറ്റ് നേടാൻ ബുംറയ്ക്ക് സാധിച്ചിട്ടില്ല. 2025 സീസണിലെ അവസാന മത്സരത്തിന് ശേഷം തുടങ്ങിയ ഈ വിക്കറ്റ് വരൾച്ച ഐപിഎൽ 2026-ലെ നാല് മത്സരങ്ങൾ പിന്നിടുമ്പോഴും തുടരുകയാണ്. ഒരു പതിറ്റാണ്ട് നീണ്ട തന്‍റെ ഐപിഎൽ കരിയറിലെ ഏറ്റവും ദൈർഘ്യമേറിയ 'വിക്കറ്റ് വരള്‍ച്ച' (122 പന്തുകൾ)യിലൂടെയാണ് ബുംറ ഇപ്പോൾ കടന്നുപോകുന്നത്.

ടി20 ലോകകപ്പില്‍ 14 വിക്കറ്റുമായി ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ഫൈനലില്‍ കളിയിലെ താരമാകുകയും ചെയ്ത ബുംറക്ക് മുംബൈയുടെ നീലക്കുപ്പായത്തിലിറങ്ങിയപ്പോള്‍ഇതെന്ത് പറ്റിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ബുംറയുടെ വിക്കറ്റ് വരള്‍ച്ചക്ക് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ പരീക്ഷണങ്ങളാണ് അതിലൊന്ന്. ബുംറയെ ഉപയോഗിക്കുന്ന രീതിയിൽ നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് കൃത്യമായ ഒരു പദ്ധതിയുമില്ലെന്ന് വിമർശനമുണ്ട്. ഓരോ മത്സരത്തിലും വ്യത്യസ്തമായ ഓവറുകളിലാണ് ബുംറയെ പരീക്ഷിക്കുന്നത്.

മുംബൈ ജയിച്ച കൊല്‍ക്കത്തക്കെതിരായ ആദ്യ കളിയില്‍ 5, 12, 18, 20 ഓവറുകളിലാണ് ബുംറ പന്തെറിഞ്ഞത്. എന്നാല്‍ ആര്‍സിബിക്കെതിരെ: 4, 6, 17, 19 ഓവറുകളാണ് ബുംറയെറിഞ്ഞത്. ഈ അനിശ്ചിതത്വം ബുംറയുടെ താളം തെറ്റിക്കുന്നുവെന്നാണ് നിരീക്ഷക‍ർ ചണ്ടിക്കാട്ടുന്നത്. സൂര്യകുമാർ യാദവ് ഇന്ത്യൻ ടീമിനെ നയിക്കുമ്പോൾ ബുംറയ്ക്ക് കൃത്യമായ റോളുകൾ നൽകാറുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു

ഇതിന് പുറമെ ബുംറയുടെ ഓവറുകളിൽ റിസ്ക് എടുക്കാതെ വിക്കറ്റ് കാത്തുസൂക്ഷിച്ച് കരുതലോടെ കളിക്കാനാണിപ്പോള്‍ ബാറ്റർമാർ ശ്രമിക്കുന്നത്. ബുംറയുടെ ഓവറുകൾ ‘കഴിച്ചുകൂട്ടിയ’ ശേഷം മറ്റു ബൗളർമാരെ ആക്രമിക്കുക എന്ന തന്ത്രം എതിർ ടീമുകൾ വിജയകരമായി നടപ്പിലാക്കുന്നുതും വിക്കറ്റ് വരള്‍ച്ചയുടെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇതിന് പുറമെ മുംബൈ ബൗളിംഗ് കോച്ച് ലസിത് മലിംഗ പറയുന്നത് പ്രകാരം, വിക്കറ്റ് നേടാനുള്ള ശ്രമത്തിൽ ബുംറ അടക്കമുള്ള ബൗളര്‍മാര്‍ അമിതമായി വേരിയേഷനുകൾ ഉപയോഗിക്കുന്നതും വിക്കറ്റ് വരള്‍ച്ചക്ക് കാരണമാകുന്നുണ്ട്. സ്വന്തം ‘സ്റ്റോക്ക് ബോളി’ൽ ഉറച്ചുനിൽക്കുന്നതിന് പകരം പരീക്ഷണങ്ങൾ നടത്തുന്നതും വിക്കറ്റ് ലഭിക്കാനുള്ള സാധ്യത കുറയ്ക്കുന്നുവെന്നാണ് മലിംഗയുടെ പക്ഷം.

എന്നാൽ ബുംറ വിക്കറ്റ് വീഴ്ത്താതിനെക്കുറിച്ച് മുംബൈ ആശങ്കപ്പെടേണ്ടതില്ലെന്നാണ് മുന്‍ താരം രവിചന്ദ്രൻ അശ്വിൻ പറയുന്നത്. ടി20 ക്രിക്കറ്റിൽ വിക്കറ്റ് നേടുന്നതിനേക്കാൾ റൺസ് വിട്ടുനൽകുന്നത് നിയന്ത്രിക്കുന്നതിലാണ് കാര്യമെന്ന് അശ്വിൻ എക്സിൽ കുറിച്ചു. ബുംറ യോർക്കറുകൾ കൃത്യമായി എറിയുന്നതും എതിരാളികളെ വരിഞ്ഞുമുറുക്കുന്നതും വിക്കറ്റ് എടുക്കുന്നതിനേക്കാൾ പ്രധാനമാണ്. വാംഖഡെ പോലെയുള്ള സ്റ്റേഡിയങ്ങളിൽ റൺസ് നിയന്ത്രിക്കുക എന്നതാണ് വലിയ കാര്യം. ബൗളിംഗ് കൂട്ടുകെട്ടുകൾ പരാജയപ്പെടുന്നതും ഇതിന്  കാരണമാണെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. ബുംറയുടെ മങ്ങിയ ഫോമും ഹാർദിക്കിന്‍റെ ക്യാപ്റ്റൻസിയിലെ പാളിച്ചകളും മുംബൈ ഇന്ത്യൻസിനെ പോയിന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് പിൻതള്ളിയിരുന്നു. നാല് കളികളിൽ ഒരെണ്ണത്തിൽ മാത്രമാണ് മുംബൈക്ക് ജയിക്കാനായത്. വരും മത്സരങ്ങളിൽ ബുംറ ഫോമിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ മുംബൈയ്ക്ക് പ്ലേ ഓഫ് സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടി വരുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഐപിഎല്ലില്‍ 183 വിക്കറ്റുകൾ എറിഞ്ഞിട്ടിട്ടുള്ള ബുംറ ഏപ്രിൽ 16-ന് പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിലെങ്കിലും വിക്കറ്റ് വരൾച്ച അവസാനിപ്പിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Top News from last week.

Latest News

More from this section