വസ്ത്രമഴിച്ച് പരിശോധിച്ചു, പിന്നാലെ ചിരിയും പരിഹാസവും’; കണ്ണൂർ എയർപോർട്ടിൽ ദുരനുഭവമെന്ന് പ്രവാസി

കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് ക്രൂരമായ മാനസിക പീഡനവും അപമാനകരമായ ദേഹപരിശോധനയും നേരിടേണ്ടി വന്നതായി ചൂണ്ടിക്കാട്ടി ദുബായിൽ ഐടി മാനേജറായ കാസർകോട് എരിയൽ സ്വദേശി ഹുസൈനാർ മഹ്‌ഷാദ് രംഗത്ത്. ജൂലൈ 19-ന് ഫുജൈറയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലെത്തിയ തന്നോട്, വീടിനടുത്തുള്ള മംഗളൂരുവിന് പകരം എന്തുകൊണ്ട് കണ്ണൂർ തെരഞ്ഞെടുത്തു എന്ന് ചോദിച്ചാണ് വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെയുള്ളവർ പ്രത്യേക മുറിയിലേക്ക് മാറ്റി പരിശോധന നടത്തിയത്. ബാഗേജുകളിൽ നിന്നും അനധികൃതമായി ഒന്നും ലഭിക്കാതെ വന്നതോടെ, ഷർട്ട് ഒഴികെയുള്ള വസ്ത്രങ്ങൾ അഴിപ്പിച്ച് സ്വകാര്യ ഭാഗങ്ങളിൽ വരെ പരിശോധന നടത്തുകയും പിന്നീട് കൂട്ടംകൂടി നിന്ന് പരിഹസിച്ച് ചിരിക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു.

സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, കസ്റ്റംസ് കമ്മീഷണർ, ദേശീയ-സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകൾ എന്നിവർക്ക് മഹ്‌ഷാദ് പരാതി നൽകി. മംഗളൂരുവിൽ ഇറങ്ങുന്നതിനേക്കാൾ അധിക തുക ചെലവഴിച്ചാണ് കണ്ണൂരിലെത്തിയതെന്നും, ഗൾഫിലെ സംഘർഷാവസ്ഥകൾക്കിടയിൽ നാട്ടിലെ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ എത്തിയ തനിക്ക് ഈ സംഭവം വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ടി.എൻ. സുനിൽ ആരോപണങ്ങൾ നിഷേധിച്ചു. കള്ളക്കടത്ത് തടയുന്നതിന്റെ ഭാഗമായി ചില യാത്രക്കാരെ ക്രമരഹിതമായി പരിശോധിക്കാറുണ്ടെന്നും പതിവ് സുരക്ഷാ പരിശോധന മാത്രമാണ് നടന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

Top News from last week.