കൊല്ലം: പി.എസ്.സിയുടെ വ്യാജ അഡ്വൈസ് മെമ്മോയും നിയമന ഉത്തരവുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ എൽ.ഡി ക്ളാർക്ക് ജോലിയിൽ പ്രവേശിക്കാനെത്തിയ യുവതി അറസ്റ്റിൽ. വാളത്തുംഗൽ ഐശ്വര്യയിൽ ആർ.രാഖിയാണ് (25) ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
ഇന്നലെ രാവിലെ 10ഓടെ രാഖി ഭർത്താവിനും കുടുംബാംഗങ്ങൾക്കുമൊപ്പമാണ് എത്തിയത്. രേഖകൾ പരിശോധിക്കുന്നതിനിടെ സംശയം തോന്നിയ തഹസിൽദാർ പി.എസ്.സി ഓഫീസിൽ ബന്ധപ്പെട്ടു. നിയമന ഉത്തരവ് നൽകിയിട്ടില്ലെന്നായിരുന്നു മറുപടി. തുടർന്ന് പി.എസ്.സി ഓഫീസിൽ അന്വേഷിക്കാൻ നിർദ്ദേശിച്ചു.
യഥാർത്ഥ റാങ്ക് ലിസ്റ്റിൽ 22-ാം റാങ്ക് നേടിയത് അമൽ എന്ന വ്യക്തിയാണ്. ഈ സ്ഥാനത്ത് രാഖിയുടെ പേര് കൃത്രിമമായി ചേർക്കുകയായിരുന്നു. അഡ്വൈസ് മെമ്മോയിലെ നമ്പർ പി.എസ്.സിയുമായി ബന്ധമുള്ളതല്ലെന്നും നിയമന ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്ന പോസ്റ്റ് റവന്യു വകുപ്പിലേതല്ലെന്നും പഞ്ചായത്ത് എൽ.ഡി ക്ലാർക്ക് പോസ്റ്റിലേതാണെന്നും അധികൃതർ വ്യക്തമാക്കി.
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലും കൃത്രിമ രേഖകൾ ചമച്ചതായി രേഖയുടെ ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തു. മൊബൈൽ ആപ്പ് വഴിയാണ് വ്യാജരേഖ നിർമ്മിച്ചത്. തുടർന്ന് സ്വന്തം മേൽവിലാസത്തിലേക്ക് അയയ്ക്കുകയായിരുന്നു. ഇതിൽ മറ്റുള്ളവർക്ക് പങ്കില്ലെന്നാണ് പ്രാഥമിക വിവരം.