പയ്യന്നൂരിൽ മുൻ സിപിഎം നേതാവിന്റെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു; പിന്നിൽ മുൻ എംഎൽഎയെന്ന് ആരോപണം

കണ്ണൂർ: പയ്യന്നൂർ കണ്ടങ്കാളിയിൽ മുൻ സിപിഎം നേതാവും വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുമായ ടി. പുരുഷോത്തമന്റെ ചെമ്മീൻ കൃഷി സ്ഥലത്തെ ഷെഡ് അർദ്ധരാത്രിയിൽ ഒരു സംഘം തീയിട്ടു നശിപ്പിച്ചു. രാവിലെ ചെമ്മീന് തീറ്റ നൽകാൻ എത്തിയപ്പോഴാണ് കട്ടിലും ജനലും വാതിലുമടക്കം തകർന്ന് പൂർണ്ണമായും കത്തിച്ചാമ്പലായ നിലയിൽ ഷെഡ് കണ്ടെത്തിയത്. അകത്തുണ്ടായിരുന്ന തീറ്റ, വല, ബോക്സുകൾ, പൈപ്പുകൾ, ട്രേകൾ എന്നിവയെല്ലാം ഉരുകി നശിച്ചു. സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചാണ് ഷെഡ് തകർത്തതെന്ന് കരുതുന്നതായും ചെമ്മീൻ കുഞ്ഞുങ്ങളെ കൊല്ലാനായി വെള്ളത്തിൽ ഏതോ ദ്രാവകം കലക്കിയതായി സംശയിക്കുന്നതായും പുരുഷോത്തമൻ പറഞ്ഞു.

സംഭവത്തിന് പിന്നിൽ മുൻ എംഎൽഎ ടി.ഐ. മധുസൂദനനാണെന്ന് പുരുഷോത്തമൻ ആരോപിച്ചു. രാഷ്ട്രീയവും വ്യക്തിപരവുമായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചവരെ ലക്ഷ്യമിട്ട് സിപിഎം ആക്രമണത്തിന് കോപ്പുകൂട്ടുന്നുണ്ടായിരുന്നു. സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണങ്ങൾക്കും മധുസൂദനന്റെ പ്രസ്താവനകൾക്കും പിന്നാലെയാണ് ഈ അതിക്രമം നടന്നത്. അധികാരത്തിന്റെ അഡിക്ഷൻ കാരണമുള്ള വിഡ്രോവൽ സിൻഡ്രോമാണ് മുൻ എംഎൽഎ കാണിക്കുന്നതെന്നും ഭീഷണിപ്പെടുത്തി ആളുകളെ ഇല്ലാതാക്കാനുള്ള സിപിഎമ്മിന്റെ ശ്രമമാണിതെന്നും പുരുഷോത്തമൻ കൂട്ടിച്ചേർത്തു.

മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലും പുരുഷോത്തമന്റെ വീട് ആക്രമിക്കുകയും കാർ കത്തിക്കുകയും ചെയ്തിരുന്നു. ആ കേസിൽ അഞ്ച് സിപിഎം പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്. നിലവിലെ സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്ന് പുരുഷോത്തമൻ അറിയിച്ചു.

Top News from last week.