ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നും ഇതുവരെ കണ്ടെത്തിയ ഏറ്റവും പഴക്കമുള്ള ഫോസിൽ ‘വാസുകി ഇൻഡിക്കസ്’ (Vasuki Indicus) എന്ന് വിളിക്കൂന്ന കൂറ്റൻ പാമ്പിൻറെ ഫോസിലായിരുന്നു. പടിഞ്ഞാറൻ ഇന്ത്യയിൽ സജീവമായിരുന്ന ചതുപ്പ് നിറഞ്ഞ നിത്യഹരിത വനങ്ങളിൽ 4.7 കോടി വർഷം മുമ്പ് ജീവിച്ചിരുന്ന ഒരു കൂറ്റൻ അനാക്കോണ്ടയാണ് വാസുകി ഇൻഡിക്കസ്. ലഭിച്ച ഫോസിലുകൾ പ്രകാരം വാസുകിക്ക് 36 അടി (11 മീറ്റർ) മുതൽ 50 അടി (15 മീറ്റർ) വരെ നീളമുണ്ടായിരുന്നതായി കണക്കാക്കുന്നു. എന്നാൽ, വാസുകി ഇൻഡിക്കസിനെ പിന്തള്ളി പുതിയൊരു ജീവിയുടെ ഫോസിൽ രാജസ്ഥാനിൽ നിന്നും കണ്ടെത്തിയിരിക്കുന്നു. പഴക്കം 20 കോടി വർഷം!
രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിലെ മേഘ ഗ്രാമത്തിൽ നിന്നാണ് ഈ ഫോസിൽ കണ്ടെത്തിയിരിക്കുന്നത്. മുതലയുടേത് പോലുള്ള ഒരു ജീവിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് കഴിഞ്ഞ ആഴ്ച ചില ഗ്രാമീണരാണ് ആദ്യമായി വിവരം പറഞ്ഞത്. തുടർന്ന് പാലിയൻറോളജിസ്റ്റുകൾ അടക്കമുള്ള ഗവേഷക സംഘം ഈ ഫോസിൽ പരിശോധിച്ചു. ജുറാസിക് കാലഘട്ടത്തിലെ അപൂർവ മുതലയുടെ ഫോസിലാണിതെന്ന് ഗവേഷകർ വിശദീകരിക്കുന്നു. ‘ഫൈറ്റോസോർ’ (Phytosaur) എന്നറിയപ്പെടുന്ന ഈ ഫോസിലിന് 1.5 മുതൽ രണ്ട് മീറ്റർ വരെ നീളമുണ്ടെന്നും 200 ദശലക്ഷം വർഷത്തിലേറെ പഴക്കമുണ്ടാകുമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.
പരിണാമ ചരിത്രത്തെക്കുറിച്ച് സുപ്രധാനവും കൗതുകകരവുമായ വിവരങ്ങൾ നൽകാൻ കഴിയുന്ന മറഞ്ഞിരിക്കുന്ന നിരവധി ഫോസിലുകൾ ഈ പ്രദേശങ്ങളിൽ ഉണ്ടെന്ന് ഫോസിൽ പരിശോധിച്ച സംസ്ഥാന ജലവകുപ്പിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. നാരായൺദാസ് ഇങ്കിയ പറഞ്ഞു. ഫോസിൽ ടൂറിസത്തിന് ഒരു പ്രധാന സ്ഥലമായി പ്രദേശം തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫൈറ്റോസോർ ജലത്തിലും കരയിലും ഒരു പോലെ ജീവിച്ച ഒരു ഉഭയജീവിയായിരുന്നെന്ന് ഭൗമശാസ്ത്രജ്ഞനായ സി പി രാജേന്ദ്രൻ പറഞ്ഞു. ലോകത്തിൻറെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഇതുവരെ ഫൈറ്റോസോറിൻറെ കുറച്ച് ഭാഗങ്ങൾ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. അതുകൊണ്ട് ഇപ്പോൾ ലഭിച്ച ഫോസിൽ ഒരുപക്ഷേ അപൂർവ ഫോസിൽ മാതൃകയായിരിക്കാമെന്നും കാലക്രമേണ ഈ ജീവിവർഗമാണ് ഇന്ന് കാണുന്ന മുതലകളായി പരിണമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഴ്ച ഗ്രാമത്തിൽ ഒരു തടാകത്തിനായി കുഴിയെടുക്കുന്നതിനിടെ ചില ഗ്രാമീണരാണ് ഫോസിൽ ആദ്യമായി കണ്ടെത്തിയതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് പരിശോധന നടത്തിയ ഗവേഷകർ മുട്ടയ്ക്ക് സമാനമായ ഒന്ന് കണ്ടെത്തിയിരുന്നു. ഇത് ഫൈറ്റോസോറിൻറെ മുട്ടയാകാമെന്നാണ് ഗവേഷകരുടെ നിഗമനം. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇവിടുത്തെ നദിക്കരയിൽ ജീവിച്ചിരുന്നതും അതിജീവിക്കാൻ മത്സ്യം കഴിച്ചതുമായ ഒരു ഇടത്തരം വലിപ്പമുള്ള ഫൈറ്റോസോറിൻറെ ഫോസിലാണ് അതെന്നാണ് സൂചനകളെന്ന് ഗവേഷണത്തിന് നേതൃത്വം നൽകുന്ന മുതിർന്ന പാലിയൻറോളജിസ്റ്റ് വി.എസ്. പരിഹാർ പറഞ്ഞു.
2018-ൽ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ ഇവിടെ വച്ച് കണ്ടെത്തിയതിൽ ഏറ്റവും പഴക്കം ചെന്ന സസ്യഭുക്കായ ദിനോസറിൻറെ ഫോസിലുകൾ കണ്ടെത്തിയിരുന്നു. 2023-ൽ, ജയ്സാൽമീറിൽ നിന്ന് ഒരു ദിനോസറിൻറെതെന്ന് കരുതുന്ന ഒരു ഫോസിലൈസ് ചെയ്ത മുട്ട ഡോ. നാരായൺദാസ് ഇങ്കിയ കണ്ടെത്തിയിരുന്നു. രാജസ്ഥാനിലെ ഈ പ്രദേശം ഒരുകാലത്ത് ഒരു വശത്ത് നദിയുടെ മറുവശത്ത് കടലും ഉണ്ടായിരുന്ന പ്രദേശമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.









