പാരീസ്: പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന പ്രഖ്യാപനവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ രംഗത്ത്. സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ പൊതുസഭയില്‍ ഇമ്മാനുവല്‍ മക്രോണ്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും സാധാരണക്കാരെ രക്ഷിക്കാനും അടിയന്തര സഹായം നല്‍കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ തീരുമാനമെന്ന് മക്രോണ്‍ വ്യക്തമാക്കി.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയും സാധാരണക്കാരെ രക്ഷിക്കുകയുമാണ് അടിയന്തരമായി ചെയ്യേണ്ടതെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണം, എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ഹമാസിനെ നിരായുധീകരിക്കുകയും ഗാസയെ പുനര്‍ നിര്‍മ്മിക്കുകയും വേണമെന്നും മക്രോണ്‍ എക്‌സില്‍ കുറിച്ചു.
ഇസ്രായേലിനെ പൂര്‍ണ്ണമായി അംഗീകരിച്ചു കൊണ്ട് തന്നെ പലസ്തീന്‍ രാഷ്ട്രം കെട്ടിപ്പെടുക്കണമെന്നും മധ്യപൂര്‍വ്വ ദേശത്തെ സമാധാനത്തിനായി മറ്റു ബദലുകളില്ലെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന തീരുമാനത്തിനതെിരെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഇത് ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.











