മെസ്സിയുടെ പേരിലെ തട്ടിപ്പ്: അന്വേഷണം ഉടൻ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി; സ്പോൺസറെ നിശ്ചയിച്ചത് ചട്ടങ്ങൾ ലംഘിച്ചെന്ന് വിമർശനം


തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ കായിക വകുപ്പ് സമർപ്പിച്ച റിപ്പോർട്ട് അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തിൽ ഉചിതമായ അന്വേഷണം ഉടൻ പ്രഖ്യാപിക്കും. മുൻ സർക്കാരിന് ഇതിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. താൽപ്പര്യപത്രം ക്ഷണിക്കാതെയും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയുമാണ് സ്പോൺസറെ തീരുമാനിച്ചത്. ഈ സ്പോൺസർ വൻതോതിൽ ജിഎസ്ടി വെട്ടിപ്പ് നടത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച അദ്ദേഹം, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് രണ്ട് ലക്ഷം രൂപ വീതം അധിക സഹായം നൽകുമെന്നും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ് അനുവദിക്കുമെന്നും അറിയിച്ചു. ആവശ്യമായ അനുമതികൾ ലഭിച്ചതിനാൽ വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള കരമാർഗ്ഗമുള്ള ചരക്കുനീക്കം ഈ മാസം 18 മുതൽ തുടങ്ങും. അതേസമയം കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ ധാതു നിയമം സംസ്ഥാനത്തിന് തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.
ലഹരിക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ, എംഡിഎംഎ കേസിൽ പിടിയിലായവരെ നേരിട്ട് അറിയാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള സദസ്സിനിടയിലെ പ്രതിഷേധത്തിൽ പരിക്കേറ്റ വ്യക്തി എന്ന നിലയിലാണ് മുഹമ്മദ് ഹുസൈനെ വിളിച്ച് സംസാരിച്ചത്. തനിക്ക് പ്രത്യേക സോഷ്യൽ മീഡിയ ടീം ഇല്ലെന്നും തന്റെ നിർദേശപ്രകാരമാണ് മെറ്റ വാർത്തകൾ നീക്കം ചെയ്തതെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതെങ്കിലും മാധ്യമ വാർത്ത നീക്കം ചെയ്തിട്ടുണ്ടെങ്കിൽ സർക്കാർ അതിൽ ഇടപെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.









