അതിരുകൾ മായ്ച്ച് സൗഹൃദം: ‘ദി ഹണ്ട്രഡ്’ ലീഗിൽ ആലിംഗനം ചെയ്ത് ജെമീമയും ഫാത്തിമ സനയും

ലണ്ടൻ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ ഭിന്നതകൾ നിലനിൽക്കെ, ക്രിക്കറ്റ് മൈതാനത്തുനിന്ന് സാഹോദര്യത്തിന്റെ മനോഹരമായൊരു രംഗം. ഇംഗ്ലണ്ടിലെ ‘ദി ഹണ്ട്രഡ്’ ലീഗ് പോരാട്ടത്തിനുശേഷം ഇന്ത്യൻ ക്രിക്കറ്റർ ജെമീമ റോഡ്രിഗ്സും പാകിസ്ഥാന്റെ ഫാത്തിമ സനയും പരസ്പരം കൈകൊടുക്കുകയും കെട്ടിപ്പുണരുകയും ചെയ്ത ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സതേൺ ബ്രേവും ബർമിംഗ്ഹാം ഫീനിക്സും തമ്മിലുള്ള മത്സരത്തിനൊടുവിലായിരുന്നു ഇത്.

കഴിഞ്ഞ വർഷത്തെ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇരുരാജ്യങ്ങളിലെയും കായികതാരങ്ങൾ തമ്മിൽ വലിയ അകൽച്ചയിലായിരുന്നു. ഏഷ്യാ കപ്പ്, പുരുഷ-വനിതാ ടി20 ലോകകപ്പുകൾ എന്നിവയിലെ മത്സരങ്ങൾക്ക് മുന്നോടിയായുള്ള ടോസ് വേളയിലോ കളി കഴിഞ്ഞോ ഹസ്തദാനം ചെയ്യാൻ പോലും കളിക്കാർ മുതിർന്നിരുന്നില്ല. ഈ പശ്ചാത്തലത്തിൽ, ലീഗ് മത്സരത്തിനിടെ ഇരുവരും പങ്കുവെച്ച സൗഹൃദം ഏറെ പ്രാധാന്യമർഹിക്കുന്നു.

കളിയിൽ 24 റൺസിന്റെ ജയം ജെമീമയുടെ സതേൺ ബ്രേവ് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ബ്രേവ് 3 വിക്കറ്റിന് 140 റൺസ് നേടിയപ്പോൾ 18 പന്തിൽ 28 റൺസുമായി ജെമീമ പുറത്താകാതെ നിന്നു. മറുപടിയിറങ്ങിയ ബർമിംഗ്ഹാമിന് 5 വിക്കറ്റിൽ 116 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ; ഫാത്തിമ സന 4 പന്തിൽ 5 റൺസോടെ ക്രീസിലുണ്ടായിരുന്നു. തുടർച്ചയായ നാല് ജയങ്ങളോടെ സതേൺ ബ്രേവ് പട്ടികയിൽ മുൻപന്തിയിൽ നിൽക്കുമ്പോൾ, ഒരു ജയം പോലുമില്ലാത്ത ബർമിംഗ്ഹാം ഫീനിക്സ് ഏറ്റവും അവസാന സ്ഥാനത്താണ്.

Top News from last week.