1822 കോടി നഷ്ടത്തിൽനിന്ന് 736 കോടി ലാഭത്തിലേക്ക്; കെഎസ്ഇബിക്കു കുതിപ്പ്, നഷ്ടത്തിൽ മുന്നിൽ കെഎസ്ആർടിസിയും സപ്ലൈകോയും

 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രകടനത്തിൽ പോയ വർഷം ഏറ്റവും മുന്നിൽ കെഎസ്ഇബി. കഴിഞ്ഞ ദിവസം നിയമസഭയിൽ വച്ച കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട് പ്രകാരം 736 കോടിയുടെ ലാഭമാണ് കെഎസ്ഇബിക്കുള്ളത്. തൊട്ടു മുൻവർഷം 1822 കോടി നഷ്ടമുണ്ടാക്കിയ സ്ഥാനത്താണിത്.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ ലാഭം 1368 കോടി രൂപയാണ്. ഇതിന്റെ 53.79 ശതമാനവും കെഎസ്ബിയിൽനിന്നാണ്. നൂറു കോടിക്കു മുകളിൽ ലാഭമുണ്ടാക്കിയത് രണ്ടു സ്ഥാപനങ്ങളാണ്, കെഎസ്ഇബിയും കെഎസ്എഫ്ഇയും. 105 കോടിയാണ് കെഎസ്എഫ്ഇയുടെ ലാഭം.
കെഎസ്ഇബിക്കു പുറമേ വന വികസന കോർപ്പറേഷനും ഓയിൽ പാമും നഷ്ടത്തിൽനിന്നു ലാഭത്തിലെത്തി. 58 പൊതു മേഖലാ സ്ഥാപനങ്ങളാണ് പോയ വർഷം ലാഭമുണ്ടാക്കിയത്. ഇവയുടെ ആകെ ലാഭം മുൻവർഷത്തേതിൽനിന്ന് ഇരട്ടിയായി. കഴിഞ്ഞ വർഷം 654 കോടി ലാഭമുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ അത് 1368 കോടിയായി.
കെഎസ്ആർടിസിയും സപ്ലൈകോയുമാണ് ഏറ്റവും നഷ്ടമുണ്ടാക്കിയ സ്ഥാപനങ്ങൾ. 1327 കോടിയാണ് ഇവയുണ്ടാക്കിയ നഷ്ടം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം 2022ലെ 4065 കോടിയിൽനിന്ന് ഇത്തവണ 1873 കോടിയായി കുറഞ്ഞു.
ലാഭത്തിൽ പ്രവർത്തിക്കുന്നവയുടെ ലാഭം കൂടിയെങ്കിലും സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വളർച്ച ജിഎസ്ഡിപിക്കു വളർച്ചയ്ക്കൊത്തല്ലെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. പ്രവർത്തന രഹിതമായ പൊതുമേഖലാ സ്ഥാപങ്ങൾ അടച്ചുപൂട്ടാനും നഷ്ടത്തിൽ പ്രവർത്തിക്കുന്നവയുടെ ഓഹരികൾ വിൽക്കുകയോ അടച്ചു പൂട്ടുകയോ ചെയ്യണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

Top News from last week.

Latest News

More from this section