കണ്ണൂർ: ഉത്തരങ്ങൾ പൂർണ്ണമായി ലഭിച്ചില്ലെങ്കിലും ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കണമെന്നും അറിയാനുള്ള ആ ത്വരയാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നതെന്നും ജില്ലാ കളക്ടർ പി. വിഷ്ണുരാജ്. ജില്ലാ ഭരണകൂടം സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ‘കളം’ സംവാദ പരിപാടിയുടെ നാലാം പതിപ്പിൽ വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പ് സർ സയ്യിദ് ഹൈസ്കൂൾ, മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള നാല്പതോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.
അട്ടപ്പാടിയിലെ മധുവിന്റെ മരണവും ആൾക്കൂട്ട വിചാരണയും പരാമർശിച്ചുകൊണ്ട് പത്താം ക്ലാസ് വിദ്യാർത്ഥിനി വൈഗ ഉന്നയിച്ച ചോദ്യം വലിയ ചർച്ചയായി. സൈബർ ഇടങ്ങളിൽ അറിവിനൊപ്പം അപകടങ്ങളും പതിയിരിപ്പുണ്ടെന്നും ശരിതെറ്റുകൾ തിരിച്ചറിഞ്ഞ് ഓരോ വിദ്യാർത്ഥിയും സത്യാന്വേഷികളാകണമെന്നും കളക്ടർ ഓർമ്മിപ്പിച്ചു. അന്താരാഷ്ട്ര കടുവാ ദിനത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച അദ്ദേഹം, കാടിന്റെ കാവലായ കടുവയെപ്പോലെ അനീതികൾക്കെതിരെ പോരാടാനുള്ള ഗാംഭീര്യം വിദ്യാർത്ഥികൾ വളർത്തിയെടുക്കണമെന്ന് ആഹ്വാനം ചെയ്തു.
പരീക്ഷാ ഭീതി, പോക്സോ നിയമങ്ങൾ, ലഹരി ഉപയോഗം തുടങ്ങിയ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾ തങ്ങളുടെ ആശങ്കകളും അഭിപ്രായങ്ങളും കളക്ടറുമായി പങ്കുവെച്ചു. പ്രതിസന്ധികളെ അതിജീവിച്ച് രാഷ്ട്രശില്പികളായി മാറിയ മഹദ്വ്യക്തികളുടെ കഥകൾ പങ്കുവെച്ച സെഷൻ കുട്ടികൾക്ക് പ്രചോദനമായി. കുട്ടികൾക്കായുള്ള ഹെൽപ്പ് ലൈൻ നമ്പറുകളായ 1098 (ചൈൽഡ് ലൈൻ), 112 (എമർജൻസി) എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവെച്ചു.
വിദ്യാർത്ഥികൾ തങ്ങളുടെ പ്രദേശത്തെ പ്രശ്നങ്ങൾ പോസ്റ്റ് കാർഡുകളിലാക്കി കളക്ടർക്ക് കൈമാറിയപ്പോൾ, കളക്ടർ സ്നേഹാശംസകൾ കുറിച്ച കാർഡുകൾ വിദ്യാർത്ഥികൾക്ക് ഉപഹാരമായി നൽകി. അസിസ്റ്റന്റ് കളക്ടർ സ്വാതി. എസ്, ഡി.സി.ഐ.പി ഇന്റേണുകൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.









