കണിച്ചാർ: രാഷ്ട്രീയ കാരണങ്ങളാൽ സ്ഥലംമാറ്റം തടഞ്ഞുവെച്ചിരുന്ന ഭിന്നശേഷിക്കാരിയായ ജീവനക്കാരിക്ക് ഒടുവിൽ അർഹിച്ച നീതി ലഭിച്ചു. കോൺഗ്രസ് അനുകൂല എൻ.ജി.ഒ അസോസിയേഷൻ അംഗമായതിന്റെ പേരിൽ കഴിഞ്ഞ ഏഴ് വർഷമായി കണിച്ചാർ ആയുർവേദ ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്തുവരികയായിരുന്ന വി. സി. സിനിമോൾക്കാണ് സ്വന്തം നാടായ കോളയാടേക്ക് സ്ഥലംമാറ്റം ലഭിച്ചത്.
45 ശതമാനം ഭിന്നശേഷിയുള്ള ജീവനക്കാരിയായിരുന്നിട്ടും ഇത്രയും കാലം സ്ഥലംമാറ്റം നിഷേധിച്ച നടപടി മുൻപ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സർവീസിൽ നിന്നും അർഹമായ സ്ഥലംമാറ്റം ലഭിച്ച് കോളയാടേക്ക് പോകുന്ന സിനിമോൾക്ക് കണിച്ചാർ പഞ്ചായത്ത് ഭരണസമിതിയും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയും ചേർന്ന് ഊഷ്മളമായ യാത്രയയപ്പ് നൽകി.
ആയുർവേദ ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിന് പഞ്ചായത്ത് പ്രസിഡന്റ് ഡോ. ട്രീസ പോൾ, വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ, വാർഡ് മെമ്പർ ജിബിൻ ജെയ്സൺ, മെഡിക്കൽ ഓഫീസർ ധന്യ എന്നിവർ നേതൃത്വം നൽകി. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ലാലി ജോസ്, വിനോയ് ജോർജ്, സിന്ധു ചിറ്റേരി, ആശുപത്രി ജീവനക്കാരായ റിജോ വർഗീസ്, അജിത, പാലിയേറ്റീവ് നഴ്‌സ് വി. ശാലിനി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.









