തിരുവനന്തപുരം: മലയാളത്തിന് ക്ലാസിക് ചലച്ചിത്രങ്ങള്‍ സമ്മാനിച്ച പ്രശസ്ത നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കലാമേന്മയുള്ള ചിത്രങ്ങളുടെ നിര്‍മാതാവ് എന്ന നിലയിലാണ് ഗാന്ധിമതി ബാലന്റെ പ്രസക്തി. പഞ്ചവടിപ്പാലം, മൂന്നാംപക്കം, നൊമ്പരത്തിപ്പൂവ്, സുഖമോ ദേവി, ഇത്തിരിനേരം ഒത്തിരികാര്യം, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് തുടങ്ങി നിരവധി സിനിമകള്‍ നല്‍കിയ ബാനറാണ് അദ്ദേഹത്തിന്റെ ഗാന്ധിമതി ഫിലിംസ്.
ഒരു കാലത്ത് മോഹൻലാലിനെയും മമ്മൂട്ടിയേയും വെച്ച് കൂടുതൽ സിനിമ ചെയ്ത നിർമാതാവായിരുന്നു. സ്ഫടികം, കിലുക്കം എന്നിവയുടെ നിർമാണ ചുമതലകൾക്ക് നേതൃത്വം നൽകിയിരുന്നു. തിരുവനന്തപുരത്തെ ധന്യ, രമ്യ തിയേറ്റർ ഉടമ ആയിരുന്നു. അനശ്വര സംവിധായകൻ പത്മരാജന്റെ കൂടെയാണ് അദ്ദേഹം ഏറ്റവും കൂടുതൽ പടങ്ങൾ ചെയ്തത്. പദ്മരാജന്റെ ആകസ്മിക മരണത്തെ തുടര്‍ന്നാണ് സിനിമയിൽ നിന്നും പിൻവാങ്ങിയത്.
ഭാര്യ – അനിത ബാലൻ. മക്കൾ: സൗമ്യ ബാലൻ (ഫൗണ്ടർ ഡയറക്ടർ -ആലിബൈ സൈബർ ഫോറെൻസിക്സ്), അനന്ത പത്മനാഭൻ (മാനേജിങ് പാർട്ണർ – മെഡ്റൈഡ്, ഡയറക്ടർ-ലോക മെഡി സിറ്റി) മരുമക്കൾ: കെ.എം.ശ്യാം
(ഡയറക്ടർ – ആലിബൈ സൈബർ ഫോറെൻസിക്സ്, ഡയറക്ടർ- ഗാന്ധിമതി ട്രേഡിങ് & എക്സ്പോർട്സ്), അൽക്ക നാരായൺ (ഗ്രാഫിക് ഡിസൈനർ).