*ഗായത്രി രാമായണം – 1*
*തപഃ സ്വാധ്യായ നിരതം തപസ്വീ വാഗ് വിദാം വരം*
*നാരദം പരിപപ്രച്ഛ വാൽമീകിർമുനി പുംഗവം*
വാ.രാ.ബാല1/1
അർത്ഥം _ തപസ്സും സ്വാധ്യായവും ചെയ്യുന്ന സർവ്വ പ്രധാനനും മുനികളിൽ ശ്രേഷ്ഠനുമായ നാരദമഹർഷിയോട് തപസ്വിയായ വാല്മീകി ചോദിച്ചു.
ഈ ശ്ലോകത്തിൽ രണ്ടു മുഖ്യവിഷയങ്ങളെ പ്രകാശിപ്പിക്കുന്നു – നാരദ മഹർഷിക്ക് രണ്ട് പദവി കൊടുത്തിരിക്കുന്നു. ഒപ്പം ആ രണ്ട് പദവിയുടെ കാരണങ്ങളും പറയുന്നു. നാരദമഹർഷിയെ സർവ്വപ്രധാനനായ വിദ്വാനെന്നും മുനിമാരിൽ ശ്രേഷ്ഠനെന്നും പറയുന്നു . എന്തുകൊണ്ടാണ് അദ്ദേഹത്തിന് വിദ്വാന്മാരിൽ പ്രഥമ സ്ഥാനം കൊടുത്തിരിക്കുന്നത്…?
നാരദമഹർഷി എന്താ വ്യാസനെപ്പോലെ 18 പുരാണങ്ങളെഴുതിയിട്ടുണ്ടോ ? അഥവാ മറ്റെന്തെങ്കിലും പ്രത്യേകത കാണിച്ചിട്ടുണ്ടോ… മറ്റു വിദ്വാന്മാർക്കില്ലാത്തത്… ?
അങ്ങനെയില്ലെങ്കിൽ പിന്നെ എന്തുകൊണ്ട് അദ്ദേഹത്തെ സർവ്വ ശ്രേഷ്ഠനെന്ന് പറയുന്നു..?
അല്ലെങ്കിൽ വാല്മീകി കളവ് പറയുന്നതാണോ –
നാരദമഹർഷിയെ അത്യുക്തിയിലൂടെ പ്രശംസിച്ചു കൊണ്ട്…? ഈ ശ്ലോകത്തിൽ അതിന്റെ കാരണവും സ്പഷ്ടമാക്കിയിട്ടുണ്ട്. എന്താണ് അദ്ദേഹത്തെ സർവ്വശ്രേഷ്ഠനെന്നു പറയുന്നത്.. അതിന്റെ കാരണം ശാസ്ത്രവിചാരമാണ്. വലിയ വലിയ ഗ്രന്ഥങ്ങൾ വായിച്ചു കൂട്ടിയവർ ഒത്തിരി പേരുണ്ടാകും, അവരുടെ ജീവിതം അവ വായിച്ചു തീരുകയും ചെയ്യും. ആയിരക്കണക്കിന് പുസ്തകങ്ങൾ വായിച്ചു കൂട്ടിയവരെ സർവ്വശ്രേഷ്ഠ വിദ്വാനെന്ന് പറയാനാവുമോ?ആവില്ല. അവ വായിക്കുന്നതിലൂടെ കുറെ അറിവ് വർദ്ധിച്ചേക്കാം, പക്ഷെ അതുകൊണ്ട് ആത്മീയമായ പ്രയോജനമൊന്നുമുണ്ടാകില്ല. വ്യക്തി, ശാസ്ത്രം വളരെ കുറച്ചാണ് പഠിക്കുന്നതെങ്കിലും അത് മനനം ചെയ്തു കൊണ്ടിരിക്കണം. ശാസ്ത്രത്തിന്റെ അർത്ഥത്തെ, അതിന്റെ ആദേശത്തെ ,അതിന്റെ മർമ്മത്തെ, മഹത്വത്തെ ഗൗരവപൂർണ്ണം മനനം ചെയ്യലും നമ്മുടെ ആത്മാവിനെ അധ്യായനം ചെയ്യലും ആത്മമന്ഥനത്തിലൂടെ ഉരുത്തിരിഞ്ഞു വരുന്ന നവനീതത്തെ ആത്മസാക്ഷാത്ക്കരിലുമാണ് സ്വാധ്യായത്തിന്റെ താൽപര്യം. ആരാണോ ഇപ്രകാരം ശാസ്ത്ര സേവനം ചെയ്യുന്നത് അവരാണ് വിദ്വാന്മാരിൽ സർവ്വശ്രേഷ്ഠൻ. അതു കൊണ്ടാണ് നാരദജിയെ വിദ്വാന്മാരിൽ സർവ്വശ്രേഷ്ഠനെന്നു പറയുന്നത്.
രണ്ടാമതായി അദ്ദേഹത്തെ മുനിമാരിൽ ശ്രേഷ്ഠനെന്നും പറഞ്ഞിരിക്കുന്നു.. അതെന്തുകൊണ്ടാവും?
ഇതിന്റെ ഉത്തരവും കൂടെയുണ്ട്.. അതാണ് തപസ്സ് . മനനം ചെയ്യുന്നവരെയാണ് മുനിയെന്നു പറയുന്നത്. സത് തത്വത്തെ മനനം ചെയ്യുന്ന അനേകം പേരുണ്ട് പക്ഷെ അതുകൊണ്ട് മാത്രമാവില്ല. ആരിലാണോ ആദർശത്തിനായി ഘോര പ്രയത്നം ചെയ്യാനുള്ള താൽപര്യമുളളത്, ആ പ്രയത്നത്തിനായി വലിയ കഷ്ടപ്പാടുകളും സഹിക്കാനുള്ള സാഹസമുള്ളത്, ആ തപസ്വിയാണ് മുനിമാരിൽ ശ്രേഷ്ഠൻ. നാരദ മഹർഷി ഒരു നിമിഷം പോലും വെറുതെയിരിക്കാതെ തന്റെ ഉദ്ദേശ്യപൂർത്തികരണത്തിനായി എല്ലായിടത്തും ഭ്രമണം ചെയ്തു കൊണ്ടിരിക്കുമായിരുന്നു, ലോക സേവനത്തിനായി അദ്ദേഹം മുഴുവൻ ജീവിതവും ഉഴിഞ്ഞുവെച്ചിരുന്നു.
ഈ ശ്ലോകത്തിൽ നാരദമഹർഷിയെ മാധ്യമമാക്കി *തപസ്സിന്റെയും സ്വാധ്യായത്തിന്റെയും* സർവ്വശ്രേഷ്ഠത വർണ്ണിച്ചിരിക്കുന്നു. ഗായത്രീ രാമായണത്തിലെ ആദ്യത്തെ ശ്ലോകം നമ്മെ തപസ്വിയും സ്വാധ്യായ ശീലരും ആവാനുള്ള സാരോപദേശം നൽകുന്നു..









