തളിപ്പറമ്പ : ഹാപ്പിനെസ് ഇന്റ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ കാണികളായി ജര്‍മ്മന്‍ സ്വദേശികളും. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ ബിരുദാനന്തര വിദ്യാര്‍ഥികളായായ പെട്രീഷയും ലെനയുമാണ് ചലച്ചിത്ര മേളയ്‌ക്കെത്തിയത്. കെ എം കമല്‍ സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ‘പട’ ഇരുവരും കണ്ടു. പടയുടെ ഇതിവൃത്തം വ്യത്യസ്താനുഭവമായെന്നും മലയാള സിനിമകള്‍ കാഴ്ചാനുഭൂതി പകരുന്നുവെന്നും അവര്‍ പറഞ്ഞു. തളിപ്പറമ്പ് പോലുള്ള ചെറുപട്ടണത്തില്‍ ഇത്തരമൊരു ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത് വിസ്മയകരമാണെന്നും മലയാളികളുടെ സിനിമാവബോധത്തിന്റെയും സിനിമയോടുള്ള പ്രതിബന്ധതയുടെയും തെളിവാണ് ഈ ചലച്ചിത്രമേളയെന്നും ഇരുവരും അഭിപ്രായപ്പെട്ടു. ഇവരുടെ സജീവ സാന്നിധ്യം തളിപ്പറമ്പില്‍ എത്തിചേര്‍ന്ന മറ്റ് സിനിമാപ്രേമികള്‍ക്കും കൗതുകമായി. ‘പട’യിലൂടെ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലം അറിയാനായെന്നും സ്വന്തം ജീവന്‍ കൊടുത്തും അനീതിക്കെതിരെ പോരാടാന്‍ മലയാളികളില്‍ ചിലര്‍ തയ്യാറാണെന്ന കാര്യം പ്രത്യാശാജനകമാണെന്നും പെട്രീഷയും ലെനയും അഭിപ്രായപ്പെട്ടു. ക്യാമ്പസിലെ സുഹൃത്തുകളുമൊത്താണ് ഇവര്‍ മേളയക്കെത്തിയത്. മലയാളം കേട്ടാല്‍ മനസിലാകുകയും സംസാരിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഇവര്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയിലെ താരങ്ങളായി. പുനലൂര്‍ രാജനെടുത്ത ഫോട്ടോകളുടെ പ്രദര്‍ശനം ‘അനര്‍ഘ നിമിഷം’ കണ്ടാണ് ഇരുവരും മടങ്ങിയത്.