(വി.കെ.അബ്ദുൽ നിസാർ)
——————————————
പരുക്കിൽ നിന്നും വിമുക്തരായിക്കൊണ്ടിരിക്കുന്ന പോലോ ഡയബാലയെയും, ആഞ്ചൽ ഡി മാരിയയെയും അർജന്റീനയുടെ 26 അംഗ ലോക കപ്പ് ടീമിൽ കോച്ച് ലിയണൽ സ്കൊളാനി ഉൾപ്പെടുത്തിയപ്പോൾ ഗിയോവാനി ലൊ സൽസോക്ക് ടീമിൽ ഇടം കിട്ടിയില്ല. അർജന്റീനക്ക് വേണ്ടി അഞ്ചാമത്തെയും ചിലപ്പോൾ അവസാനത്തെയും ലോക കപ്പ് കളിക്കുന്ന ലിയണൽ മെസ്സി തന്നെയാണ് ടീമിന്റെ നായകൻ. ഒരു മാസമായി പരുക്കുമൂലം കളിക്കളത്തിൽ നിന്നും വിട്ടു നിൽക്കുന്ന റോമയുടെ ഡയബാലയും, ജുവന്റസിന്റെ ഡി മാരിയയും അർജന്റീന ടീമിൽ ഉണ്ടായിരിക്കില്ല എന്നാണ് ആരാധകർ കരുതിയിരുന്നത്. എന്നാൽ രണ്ട് പേരെയും ടീമിലെടുത്തുകൊണ്ട് കോച്ച് സ്കൊളാനി അവരിലുള്ള ആത്മവിശ്വാസം പുറത്ത് കാട്ടിയിരിക്കയാണ്. അങ്ങിനെയാണെങ്കിലും ടോട്ടൻഹാമിൽ നിന്നും ലോൺ വ്യവസ്ഥയിൽ വിലാരിയലിന് വേണ്ടി കളിക്കുന്ന ഗിയോവാനി ലൊ സെൽസൊയെ ടീമിലുൾപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ ഡോക്ടർമാർ നിർദ്ദേശിച്ചതിനാലാണ് ടീമിൽ ഉൾപ്പെടുത്താതിരുന്നത്.റയോ ഡി ജനീറോയിലെ മരക്കാന സ്റ്റേഡിയത്തിൽ 1-0 ന് ബ്രസീലിനെ പരാജയപ്പെടുത്തി കോപ്പ അമേരിക്ക നേടിയ അർജന്റീന തുടർച്ചയായി 35 മൽസരങ്ങളിൽ പരാജയമറിയാതെ മുന്നേറിക്കൊണ്ടിരിക്കയാണ്. ഡിയോഗോ മരഡോണ 1986ൽ കപ്പുയർത്തിയതിന് ശേഷം അർജന്റീന ഇതുവരെ ലോക കപ്പ് നേടിയിട്ടില്ല. 1990ലും, 2014ലും ഫൈനലിൽ എത്തിയിരുന്നെങ്കിലും രണ്ട് തവണയും ജർമ്മനിയോട് പരാജയപ്പെട്ടു. രണ്ട് തവണ ചാമ്പ്യൻമാരായ അർജന്റീന തങ്ങളുടെ ആദ്യ മൽസരത്തിൽ നവമ്പർ 22ന് സൗദി അറേബ്യയെയാണ് നേരിടുന്നത്. തുടർന്ന് 27ന് മെക്സിക്കോയെയും, ഡിസംബർ 1ന് പോളണ്ടിനെയും നേരിടും.
അർജന്റീന ഫുൾ ടീം :
ഗോൾ കീപ്പേർസ് :
ഫ്രാങ്കൊ അർമാനി (റിവർ പ്ലേറ്റ്), എമിലിയാനൊ മാർട്ടിനെസ് ( ആസ്റ്റൺ വില്ല, ഇംഗ്ലണ്ട്), ജെറോനിമൊ റുള്ളി ( വിലാരിയൽ, സ്പെയിൻ)
പ്രതിരോധനിരക്കാർ :
ഗൊൺസാലൊ മൊണ്ടീൽ (സെവീല, സ്പെയിൻ), നഹുയൽ മൊലീന (അത്ലറ്റിക്കൊ മാഡ്രിഡ്, സ്പെയിൻ), ജർമ്മൻ പെസെല ( റിയൽ ബെറ്റിസ്, സ്പെയിൻ), കൃസ്ത്യൻ റൊമേരൊ ( ടോട്ടൻഹാം, ഇംഗ്ലണ്ട്), നിക്കോളസ് ഒട്ടമെണ്ടി ( ബെൻഫിക്ക, പോർച്ചുഗൽ), ലിസാന്ദ്രൊ മാർട്ടിനെസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇംഗ്ലണ്ട്), നിക്കോളസ് ടഗ്ലിയാഫിക്കൊ ( ലിയോൺ, ഫ്രാൻസ്), മാർക്കസ് അക്കുണ (സെവീല, സ്പെയിൻ), ജുയൻ ഫൊയ്ത്ത് ( വിലാരിയൽ, സ്പെയിൻ)
മദ്ധ്യ നിരക്കാർ :
ലിയാൺഡ്രൊ പരെഡെസ് ( ജുവാന്റസ്, ഇറ്റലി), ഗയ്ഡൊ റോഡ്രിഗ്സ് (റിയൽ ബെറ്റിസ്, സ്പെയിൻ), എൻസൊ ഫെർണാൻഡെസ് (ബെൻഫിക്ക, പോർച്ചുഗൽ), റോഡ്രിഗൊ ഡി പോൾ (അത്ലറ്റിക്കോ മാഡ്രിഡ്, സ്പെയിൻ), എക്സിക്യൽ പലാസിയോസ് ( ബയർ ലെവർകുസെൻ, ജർമ്മനി), അലസാന്ദ്രൊ ഗോമസ് ( സെവീല, സ്പെയിൻ), അലക്സിസ് മാക്ക് അലിസ്റ്റർ ( ബ്രൈറ്റൺ, ഇംഗ്ലണ്ട്).
മുന്നേറ്റ നിരക്കാർ :
പോളോ ഡയബാല (റോമ, ഇറ്റലി), ലിയണൽ മെസ്സി ( പാരീസ് സെയിന്റ് ജർമയിൻ, ഫ്രാൻസ്), ആഞ്ചൽ ഡി മാരിയ (ജുവാന്റസ്, ഇറ്റലി), നിക്കോളസ് ഗോൺസാൽവസ് ( ഫിയോറന്റീന, ഇറ്റലി), ജാക്വിൻ കോറിയ ( ഇന്റർ മിലാൻ, ഇറ്റലി), ലോതാറൊ മാർട്ടിനെസ് (ഇന്റർ മിലാൻ, ഇറ്റലി), ജൂലിയൻ അൽവാരസ് (മാഞ്ചസ്റ്റർ സിറ്റി, ഇംഗ്ലണ്ട്)