Advertisement
Advertisement
Tuesday, September 15, 2026
Business

ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകാൻ ഗോബർധൻ പദ്ധതി; 23,731 കോടിയുടെ ബയോഗ്യാസ് വിപ്ലവത്തിന് കേന്ദ്രം

Advertisement
Advertisement

ന്യൂഡൽഹി: പെട്രോളിൽ എഥനോൾ കലർത്തി വിജയിച്ച മാതൃക പിൻപറ്റി രാജ്യത്ത് കംപ്രസ്ഡ് ബയോഗ്യാസ് ഉൽപ്പാദനം വൻതോതിൽ വ്യാപിപ്പിക്കാൻ 23,731 കോടി രൂപയുടെ ‘ഗോബർധൻ’ പദ്ധതിയുമായി കേന്ദ്ര സർക്കാർ. അടുത്ത പത്ത് വർഷത്തിനുള്ളിൽ നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയിലൂടെ ഗ്രാമീണ മേഖലയിലെ ചാണകം, വൈക്കോൽ, കരിമ്പിൻ ചണ്ടി, നഗരങ്ങളിലെ ജൈവമാലിന്യങ്ങൾ എന്നിവ ഉപയോഗിച്ച് ഹരിത ഊർജ്ജം ഉൽപ്പാദിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. നഗരങ്ങളിൽ ഗ്യാസ് വിതരണം ചെയ്യുന്ന കമ്പനികൾ തങ്ങളുടെ സിഎൻജി, പൈപ്പ്ഡ് പാചകവാതകം എന്നിവയിൽ ഈ ദശാബ്ദത്തോടെ കുറഞ്ഞത് അഞ്ച് ശതമാനമെങ്കിലും ബയോഗ്യാസ് നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് സർക്കാർ നിഷ്കർഷിക്കുന്നു.

Advertisement

ഈ പദ്ധതി വഴി ബയോഗ്യാസ് ഉൽപ്പാദകർക്ക് നിലവിലുള്ളതിനേക്കാൾ നാല്പത് ശതമാനം അധിക വിലയും പ്ലാന്റുകളുടെ നിർമ്മാണത്തിന് മൂലധന സഹായവും സർക്കാർ ഉറപ്പുനൽകുന്നുണ്ട്. ചെറുകിട സംരംഭകർക്ക് ബാങ്ക് വായ്പ ലഭ്യമാക്കാൻ ക്രെഡിറ്റ് ഗ്യാരണ്ടി നൽകുന്നതോടൊപ്പം, പാഴായിപ്പോകുന്ന മാലിന്യങ്ങൾ വിറ്റ് കർഷകർക്ക് സ്ഥിരവരുമാനം ഉറപ്പാക്കാനും പദ്ധതി വഴിയൊരുക്കുന്നു. പ്ലാന്റ് നിർമ്മാണം, മാലിന്യ ശേഖരണം എന്നിവയിലൂടെ ഗ്രാമീണ മേഖലയിൽ വൻതോതിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ശാസ്ത്രീയ സംസ്കരണത്തിലൂടെ പരിസര ശുചിത്വം വർദ്ധിക്കുകയും ചെയ്യും.
എന്നാൽ എഥനോൾ പോലെ ദ്രാവകരൂപത്തിലല്ലാത്തതിനാൽ ബയോഗ്യാസ് കാര്യക്ഷമമായി വിതരണം ചെയ്യാൻ വിപുലമായ പൈപ്പ്‌ലൈൻ ശൃംഖല അത്യന്താപേക്ഷിതമാണ്.

നിലവിൽ രാജ്യത്ത് പൂർത്തിയായ ഇരുനൂറിലധികം ബയോഗ്യാസ് പ്ലാന്റുകളിൽ വിരലിലെണ്ണാവുന്നവയ്ക്ക് മാത്രമാണ് പൈപ്പ്‌ലൈൻ കണക്ഷനുള്ളത്. സിലിണ്ടറുകളിൽ റോഡ് മാർഗ്ഗം ഇന്ധനം എത്തിക്കുന്നത് ചെലവേറിയതായതിനാൽ, വരും വർഷങ്ങളിൽ പൈപ്പ്‌ലൈൻ ശൃംഖല എത്രത്തോളം വേഗത്തിൽ വികസിപ്പിക്കാൻ സർക്കാരിന് സാധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഈ മെഗാ പദ്ധതിയുടെ യഥാർത്ഥ വിജയം.

Advertisement
Advertisement
Advertisement
Advertisement
Advertisement