മുംബൈ മലയാളികൾക്ക് സന്തോഷ വാർത്ത; കേരളത്തിലേക്ക് ഓണം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ


മുംബൈ: മുംബൈയിലെ മലയാളി യാത്രികരുടെ ദീർഘനാളത്തെ ആവശ്യത്തിന് ഒടുവിൽ പരിഹാരമായി. വരാനിരിക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക സർവീസ് നടത്താൻ സെൻട്രൽ റെയിൽവേ തീരുമാനിച്ചു. പുതിയ ഉത്തരവ് പ്രകാരം ഞായറാഴ്ച വൈകുന്നേരം 4:00 മണിക്ക് മുംബൈ ലോക്മാന്യ തിലക് ടെർമിനസിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ തിരുവനന്തപുരത്തേക്ക് സർവീസ് നടത്തും. തുടർന്ന് ഈ മാസം 29-ാം തീയതി മടക്ക സർവീസും ഉണ്ടാകും.

ബെംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്ന് ദക്ഷിണ റെയിൽവേ നൂറിലധികം പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചപ്പോഴും മുംബൈയെ പൂർണ്ണമായി ഒഴിവാക്കിയത് കടുത്ത അമർഷത്തിന് കാരണമായിരുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടി ഏഷ്യാനെറ്റ് ന്യൂസ് നൽകിയ വാർത്തയും യാത്രികരുടെ നിരന്തരമായ പ്രതിഷേധവുമാണ് റെയിൽവേയുടെ മനോഭാവത്തിൽ മാറ്റം വരുത്തിയത്.
നേരത്തെ, പ്രാദേശിക സംഘടനകളിൽ നിന്ന് ഔദ്യോഗികമായി ആവശ്യപ്പെടാത്തതിനാലാണ് സർവീസുകൾ വൈകിയതെന്നായിരുന്നു റെയിൽവേ അധികൃതരുടെ വാദം. എന്നാൽ വിഷയം വാർത്തയായതോടെ ജനപ്രതിനിധികളും വിഷയത്തിൽ ഇടപെടുകയായിരുന്നു. എം.പി കെ.സി. വേണുഗോപാൽ അടക്കമുള്ളവരുടെ ഇടപെടലും യാത്രക്കാരുടെ ശക്തമായ പ്രതിഷേധവും ഒടുവിൽ റെയിൽവേയെ സർവീസ് അനുവദിക്കാൻ നിർബന്ധിതരാക്കി.









