ഗൂഗിള്‍ പിക്‌സല്‍ ആരാധകര്‍ കാത്തിരുന്ന പിക്സല്‍ 10 സീരീസ് പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ചു. ഗൂഗിളിന്റെ ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന ‘മേയ്ഡ് ബൈ ഗൂഗിള്‍’ ഓഗസ്റ്റ് 20ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ നടക്കും. പരിപാടിയില്‍ ഗൂഗിളിന്റെ പുതിയ പിക്സല്‍ ഫോണുകള്‍, പിക്സല്‍ ബഡ്സ് 2എ, പിക്സല്‍ വാച്ച് 4, ആന്‍ഡ്രോയ്ഡ് 16, പിക്‌സല്‍ സ്‌നാപ് ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ അവതരിപ്പിക്കും.
മേയ്ഡ് ബൈ ഗൂഗിള്‍ ചടങ്ങ് ഗൂഗിളിന്റെ യൂട്യൂബ് ചാനലിലും വെബ്‌സൈറ്റിലും തത്സമയം കാണാന്‍ കഴിയും. ഗൂഗിള്‍ പിക്‌സല്‍ 10 സീരീസിന്റെ ഫീച്ചറുകളും മറ്റു വിശദാംശങ്ങളും ഈ ചടങ്ങില്‍ അറിയാന്‍ കഴിയും. ഗൂഗിള്‍ പിക്സല്‍ 10, 10 പ്രോ, 10 പ്രോ എക്സ്എല്‍, 10 പ്രോ ഫോള്‍ഡ് എന്നീ ഫോണുകളാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
ഇതോടൊപ്പം പിക്സല്‍ വാച്ച് 3, പിക്സല്‍ ബഡ്സ് പ്രോ 2, എന്നിവയും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതൊടൊപ്പം പുതിയ മറ്റ് ഉപകരണങ്ങളും ഗൂഗിള്‍ അവതരിപ്പിച്ചേക്കും. ബേസ് മോഡലില്‍ ഉള്‍പ്പെടെ ട്രിപ്പിള്‍ റിയര്‍ ക്യാമറയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രൊസസര്‍ ചിപ്പ്സെറ്റ് ടെന്‍സര്‍ ജി5 ലേക്ക് അപ്ഗ്രേഡ് ചെയ്യും.












